തിരുവനന്തപുരം: വൈഗയുടെ രക്തക്കറയാണ് സനു മോഹന്റെ ഫ്ലാറ്റില്‍ നിന്ന് കണ്ടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. അന്വേഷണ സംഘത്തിന് ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചു. കൊച്ചിയിലെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സനു മോഹനെ കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. കോയമ്പത്തൂരില്‍ വെച്ച് വിറ്റ സനു മോഹന്റെ വാഹനം പ്രതിയുടെ സാന്നിധ്യത്തില്‍ അന്വേഷണസംഘം പരിശോധിക്കും.
വൈഗയുടെ കൊലപാതകം പീഡനത്തിന് ശേഷമല്ലെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സംശയിക്കത്തക്കതായ ഒന്നും കണ്ടെത്താനായില്ല. കുടുംബമായി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നോ എന്നു പോലീസ് ചോദിച്ചെങ്കിലും ഭാര്യ അതിനു തയ്യാറാകില്ല എന്നായിരുന്നു മറുപടി. ഈ മൊഴി നിര്‍ണ്ണായകമാണ്. ഇതിന് സനു മോഹന്റെ ഭാര്യ നല്‍കുന്ന മറുപടിയും നിര്‍ണ്ണായകമാകും.
ആത്മഹത്യാ ചിന്തുകളുണ്ടായിരുന്നില്ലെന്ന് ഭാര്യ രമ്യ മൊഴി നല്‍കിയാല്‍ സനു മോഹന്‍ പറയുന്നതെല്ലാം കളവാണെന്ന നിഗമനത്തില്‍ പോലീസ് എത്തും. സനു മോഹന്റെ മൊഴി പൂര്‍ണ്ണമായും ഇനിയും പോലീസ് വിശ്വസിച്ചിട്ടില്ല. മകളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും അതിനായി കീടനാശിനി കഴിച്ചിരുന്നെന്നും സനു മോഹന്‍ പോലീസിനോടു വെളിപ്പെടുത്തി. ജീവിച്ചിരിക്കാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. വാഹനത്തിനു മുന്നില്‍ ചാടാനും കൈഞരമ്പ് മുറിക്കാനും ട്രെയിനു തലവെയ്ക്കാനുമൊക്കെ ആലോചിച്ചു. എന്നാല്‍ ഗുരുതര പരുക്കുകളോടെ രക്ഷപെട്ടാലുള്ള ദുരിതമോര്‍ത്തപ്പോള്‍ ധൈര്യം ചോര്‍ന്നുപോയി.
കര്‍ണാടകയിലെ കാര്‍വാര്‍ ബീച്ചിലെത്തിയത് പാറയിടുക്കില്‍ ചാടി മരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നും സനു പറഞ്ഞു. വായ്ക്കുള്ളിലെ പൊള്ളല്‍ സനു പോലീസിനു കാട്ടിക്കൊടുത്തു. ഇതു കീടനാശിനി കഴിച്ചുണ്ടായതാണോ എന്നു വ്യക്തമല്ല.