വൈക്കം : ആചാരങ്ങളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിച്ച് വൈക്കത്തഷ്ടമിയുടെ കൊടിയേറ്ററിയിപ്പ് നടന്നു. അഷ്ടമി ഉത്സവത്തിന്റെ കൊടിയേറ്റിന്റെ മുഹൂർത്തം ഊരാഴ്മക്കാരായ ഇല്ലങ്ങളിലും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ആനപ്പുറത്ത് ചെന്ന് അറിയിക്കണമെന്നാണ് ചട്ടം. വൈക്കം ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിനും മാത്രമാണ് ഈ ആചാരം. അവകാശിയായ കിഴക്കേടത്ത് മൂസ്സത് കുടുംബത്തിലെ വിഷ്ണുപ്രസാദ് ആണ് ഇക്കുറി കൊടിയേറ്ററിയിപ്പിന് പുറപ്പെട്ടത്.
മുല്ലക്കൽ ബാലകൃഷ്ണൻ എന്ന ആനയ്ക്കാണ് കൊടിയേറ്ററിയിപ്പിന് പോകാൻ ഇക്കുറി നിയോഗം ലഭിച്ചത്. ചമയങ്ങളണിയാതെ നെറ്റിയിൽ ഭസ്മക്കുറിയും ചന്ദനക്കുറിയും ചാർത്തി വന്ന ആനയുടെ പുറത്ത് മൂസ്സത് മുണ്ടും മേൽമുണ്ടും ധരിച്ച് ഓലക്കുട ചൂടി പൗരാണികമായ ആചാരത്തോടെയാണ് കൊടിയേറ്ററിയിപ്പിന് പുറപ്പെട്ടത്. രാജഭരണകാലത്ത് തുടങ്ങിവച്ച ആചാരമാണിത്. കൊടിയേറ്റിന്റെ തലേദിവസം നടക്കുന്ന ഏറെ പ്രാധാന്യമുള്ള ആചാരമാണ് കൊടിയേറ്റ് അറിയിപ്പ്.
തിങ്കളാഴ്ച രാവിലെ പന്തീരടിപൂജയ്ക്കു ശേഷം ക്ഷേത്രത്തിന് പ്രദക്ഷിണംവച്ച് ദേവനോട് അനുവാദം വാങ്ങിയാണ് കൊടിയേറ്ററിയിപ്പിന് പോയത്. ആദ്യം പെരുമ്പള്ളിയാഴത്തെ ഇല്ലത്തെ അറിയിപ്പ് അയ്യർകുളങ്ങര കുന്തീദേവി ക്ഷേത്രത്തിലും പിന്നീട് ഇണ്ടംതുരുത്തി മനയിലും കൊടിയേറ്റിന്റെ മുഹൂർത്തം വായിച്ചു. ഉദയനാപുരം ക്ഷേത്രത്തിൽ നടയ്ക്കൽ ചെന്ന് മണിയടിച്ചതിന് ശേഷം ഉദയനാപുരത്തപ്പന്റെ സന്നിധിയിലും മുഹൂർത്തച്ചാർത്ത് വായിച്ചു.
വരവേൽപ്പ്
ഇണ്ടംതുരുത്തിമനയിൽ വൈക്കത്തഷ്ടമി കൊടിയേറ്ററിയിപ്പിന് വരവേൽപ്പ്.
വൈക്കത്തഷ്ടമി ഉത്സവക്കൊടിയേറ്റിന്റെ മുഹൂർത്തം അറിയിക്കാൻ ഊരാഴ്മഇല്ലക്കാരായ ഇണ്ടംതുരുത്തിമനയിൽ അവകാശിയായ മൂസ്സത് കുടുംബത്തിലെ വിഷ്ണുപ്രസാദ് ആനപ്പുറത്തെത്തിയപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിന്റെ ഓർമകൾ മനയിലെ ഓരോ അംഗത്തിന്റെയും മനസ്സിൽ നിറഞ്ഞു.
വൈക്കം ക്ഷേത്രത്തിൽനിന്നും വന്ന അറിയിപ്പ് ഭക്ത്യാദരപൂർവം ഇണ്ടംതുരുത്തിമന ഏറ്റുവാങ്ങി. ഇണ്ടംതുരുത്തിമനയിലെ മുതിർന്ന കാരണവരും ശബരിമല മുൻ മേൽശാന്തിയുമായ നീലകണ്ഠൻ നമ്പൂതിരി കൈകൂപ്പി ഇല്ലത്തേക്ക് ആനയിച്ചു. ശബരിമല മുൻ മേൽശാന്തി പി.മുരളീധരൻ നമ്പൂതിരി, ബ്രഹ്മമംഗലം ക്ഷേത്രമേൽശാന്തികൂടിയായ ഇല്ലത്തെ ഹരിഹരൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, വിവേക് നമ്പൂതിരി, വിഘ്‌നേഷ് നമ്പൂതിരി എന്നിവരും പങ്കെടുത്തു. ഇല്ലത്തെ പൂജാമുറിയിൽ വിഷ്ണുപ്രസാദ് ചമ്രം പടഞ്ഞിരുന്ന് ദീപം തെളിച്ചശേഷം കൊടിയേറ്റിന്റെ മുഹൂർത്തച്ചാർത്ത് വായിച്ചു.