വൈത്തിരി : തടവുകാരെ കൊണ്ട് തിങ്ങി നിറഞ്ഞ വൈത്തിരി സ്‌പെഷ്യല്‍ സബ് ജയിലില്‍ പകുതിയിലധികം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എട്ടു സെല്‍ മുറികളില്‍ ഈരണ്ടു പേര് വീതം പരമാവധി 16 പേരെ താമസിപ്പിക്കേണ്ടിടത്ത് 43 തടവുകാരെയാണ് താമസിപ്പിച്ചിട്ടുള്ളത്. ഇതില്‍ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് ലക്ഷണവുമുണ്ട്.
കോവിഡ് സ്ഥിരീകരിച്ചവരെ വീണ്ടും ജയിലില്‍ കൊണ്ടുവന്നു ‘അട്ടിക്ക്’ ഇട്ടിരിക്കുകയാണ്. തടവുകാരുടെ ജയിലിലെ അവസ്ഥ ഏറെ പരിതാപകരമാണ്. ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മ്മിച്ച രണ്ടുപേര്‍ക്ക് മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം ഇട്ടിരിക്കുന്നത്. ആകെയുള്ള എട്ടു മുറികളില്‍ ഒരെണ്ണം പാചകപ്പുര കൈകാര്യം ചെയ്യുന്നവര്‍ക്ക് താമസിക്കാനുള്ളതാണ്. ഒരെണ്ണം പുതുതായി വരുന്നവര്‍ക്കും മറ്റൊരെണ്ണം കോവിഡ് പോസിറ്റിവായി എത്തുന്നവര്‍ക്കും. ബാക്കി അഞ്ചെണ്ണത്തിലാണ് ഇത്രയും പേരെ തിരുകി കയറ്റിയിരിക്കുന്നത്.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ മുറികളും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഒരാള്‍ക്ക് പോസിറ്റിവായാല്‍ ബാക്കിയുള്ളവര്‍ക്ക് രോഗം പകരാന്‍ നിമിഷ നേരം മതി. ഇപ്പോള്‍ രോഗം വ്യാപിച്ചതും ഇങ്ങിനെയാണ്. പോസിറ്റിവായ തടവുകാരാണ് ജയിലില്‍ ഭക്ഷണമുണ്ടാക്കുന്നതും. ജയിലില്‍ മൂന്ന് ശൗചാലയങ്ങളാണുള്ളത്. തടവുകാരുടെ എണ്ണം കൂടിയാലും മറ്റു സജ്ജീകരണങ്ങളൊന്നുമില്ല.
ജയിലിലെ അസൗകര്യങ്ങളും കോവിഡ് കാലത്തെ പ്രതിസന്ധികളും തടവുകാരുടെ ബാഹുല്യവും അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. മറ്റുദ്യോഗസ്ഥരെയും വിവരങ്ങള്‍ ധരിപ്പിച്ചുണ്ടെങ്കിലും കാര്യമായ ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.