കോന്നി: വകയാര്‍ മ്ലാന്തടത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആട് ചത്തതോടെ പുലിപേടിയിലാണ് വകയാര്‍ നിവാസികള്‍. കൂടല്‍ ഇഞ്ചപ്പാറയില്‍ ആയിരുന്നു പുലിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂരി കിടാവ് ചത്തത്. പിന്നീട് വീട്ടുകാര്‍ പുലികളെ കാണുകയും ചെയ്തിരുന്നു. ഇതിന് ശേഷം പാക്കണ്ടത്തും പുലി ആടിനെ ആക്രമിച്ച് കൊന്നു. എന്നാല്‍ വനം വകുപ്പ് രണ്ടിടങ്ങളില്‍ കൂട് സ്ഥാപിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടും പുലി കുടുങ്ങിയില്ല. ഇതിനിടയില്‍ ഇഞ്ചപ്പാറയില്‍ പുലി സംസ്ഥാന പാത മുറിച്ച് കടന്ന് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.
നിലവില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങള്‍ അടുത്തടുത്ത സ്ഥലങ്ങളുമാണ്. തുടര്‍ച്ചയായി വന്യ മൃഗങ്ങളെ പുലി പിടിച്ചിട്ടും പുലിയെ പിടികൂടാന്‍ കഴിയാത്തതില്‍ വലിയ പ്രതിഷേധത്തില്‍ ആണ് നാട്ടുകാര്‍. ഈ പ്രദേശങ്ങളിലെ കാട് കയറി കിടക്കുന്ന റബ്ബര്‍ തോട്ടങ്ങള്‍ വെട്ടി തെളിക്കാത്തതും നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. ഈ കാടുകള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റ്റി വി പുഷപവല്ലി അറിയിച്ചിരുന്നു. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചില്‍ പാടം ഫോറസ്റ്റെഷന്‍ പരിധിയില്‍ ഉള്ളതാണ് പുലിയുടെ ആക്രമണം ഉണ്ടായിട്ടുള്ള ഭാഗങ്ങള്‍.