പത്തനംതിട്ട : വലഞ്ചുഴി കൊരട്ടിമുക്ക് മുതൽ ലക്ഷംവീട് നന്ദനശ്ശേരി ഭാഗം വരെയുള്ളവരുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. 13 ലക്ഷം രൂപ മുടക്കി സ്ഥാപിക്കുന്ന കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തി. വാട്ടർ അതോറിറ്റി ടാങ്ക് സൈറ്റിൽ നിന്നും നേരിട്ട് കുടിവെള്ളം ഈ പ്രദേശത്തേക്ക് എത്തിക്കാനായി. കൗൺസിലർ അഡ്വ.എ സുരേഷ് കുമാർ മുൻകൈയെടുത്താണ് വാട്ടർ അതോറിറ്റി ടാങ്ക് സൈറ്റിൽ നിന്നും നേരിട്ട് കുടിവെള്ളം ഈ പ്രദേശത്തേക്ക് എത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ഇവിടെ കുടിവെള്ളം കല്ലറക്കടവ്, കണ്ണങ്കര വഴി സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനിൽ കൂടിയാണ് എത്തുന്നത്.
ഈ പ്രദേശത്ത് ഉപഭോക്താക്കൾ കൂടുതൽ ഉള്ളതിനാൽ പലപ്പോഴും കുടിവെള്ളം എല്ലാ പ്രദേശത്തും എത്താറില്ല. വെള്ളം കിട്ടിയാൽ തന്നെ വീടിൻറെ ഉയർന്ന പ്രദേശങ്ങളിൽ കയറുകയുമില്ല. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഇവിടെ ഇപ്പോൾ വെള്ളം എത്തുന്നത്. ഇക്കാരണത്താലാണ് ഈ പ്രദേശത്തുള്ളവരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഈ പദ്ധതി നടപ്പിലാക്കിയതെന്ന് സുരേഷ് കുമാർ പറഞ്ഞു. മുരുപ്പേൽ ഭാഗം, വാലുപറമ്പിൽ ഭാഗം, ഇല്ലത്തു ഭാഗം, ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളിലെ ഇരുന്നുറോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു ദിവസത്തിനകം പൂർത്തീകരിക്കും. അടുത്ത ആഴ്ച വെള്ളം തുറന്നുവിട്ട് കാര്യക്ഷമത പരിശോധന നടത്തും. ഉത്ഘാടനം അടുത്ത ആഴ്ച്ച നടത്തും.