കോന്നി: ടൗണിലെ വള്ളാട്ടുതൊട്ടിലും മയൂർ ഏലയിലും നാരായണപുരം ചന്തയിലും മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. മാലിന്യങ്ങൾ കൃത്യമായി ശേഖരിക്കാനോ സംസ്‌കരിക്കാനോ സംവിധാനമില്ല. നാരായണപുരം ചന്തയിലെ മാലിന്യ സംസ്‌കരണ പ്ലാന്റും ബയോഗ്യാസ് പ്ലാന്റും പ്രവർത്തന രഹിതമായതോടെ ഇവിടെ നിക്ഷേപിക്കേണ്ട മാലിന്യങ്ങൾ റോഡുകളുടെ വശങ്ങളിലാണ് തള്ളുന്നത്. ഇത് തെരുവുനായകൾ കടിച്ചുകീറി പലയിടത്തും കൊണ്ടിടും. ചൈനാമുക്ക് – വട്ടക്കാവ് റോഡ്, ളാക്കൂർ റോഡ്, എലിയറയ്ക്കൽ ജംഗ്ഷനു സമീപം, പോസ്റ്റ് ഓഫീസ് റോഡിലെ വയൽ വരമ്പ് എന്നിവിടങ്ങളിലാണ് കൂടുതലായും മാലിന്യം കിടക്കുന്നത്. ടൗണിലെ മയൂർഏലയിലും സമീപത്തെ വള്ളാട്ടുതൊട്ടിലും മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു.
ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ കൂടി കിടക്കുന്നത്. ഇവിടെ മാലിന്യം തള്ളുന്നവരെ അടുത്തിടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താക്കിത് ചെയ്തിരുന്നു. അച്ചൻകോവിലാറിന്റെ കൈവഴിയായ വെള്ളാട്ട് തോട്ടിൽ മാലിന്യം നിറഞ്ഞു നീരൊഴുക്ക് തടസപ്പെട്ടു. നാരായണപുരം ചന്തയിലും മാലിന്യം കെട്ടി കിടക്കുകയാണ്. എലിയറക്കൽ നിന്നും കാളാഞ്ചിറക്ക് പോകുന്ന വഴിയിലെ വയലിലും മാലിന്യം കെട്ടിക്കിടക്കുന്നു ഇവിടെ സാംക്രമിക രോഗങ്ങൾ പകരാനുള്ള സാധ്യത വർധിക്കുകയാണ് ഇവിടെ മൂന്നോളം ജീവകാരുണ്യ സ്ഥാപങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം കൂടുതലും വയോധികരാണ് താമസിക്കുന്നത്.
നാരയണപുരം ചന്തയിലെ മാലിന്യം കൃത്യമായി നീക്കം ചെയ്തു നശിപ്പിക്കാത്തതിനെ തുടർന്ന് കെ യു ജനീഷ്‌കുമാർ എം എൽ എ മുൻപ് സ്ഥലത്തെത്തി നീക്കം ചെയ്തു സംസ്കരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. നാരായണപുരം ചന്തയിൽ പച്ചക്കറി, മത്സ്യ മാലിന്യമാണ് കൂടുതലായും. ചന്തയിൽ മൊത്തക്കച്ചവടം നടത്തുന്ന പച്ചക്കറി വിൽപനക്കാരും മറ്റു കച്ചവടക്കാരും വിചാരിച്ചാലെ ഇതിനു മാറ്റം വരുത്താൻ കഴിയൂ. മത്സ്യ വിൽപന നടത്തുന്നിടത്തും ഓടയിലും മലിനജലം കെട്ടിക്കിടക്കാതെ സൂക്ഷിക്കുകയും മാലിന്യം കൃത്യമായി സംസ്കരിക്കുകയും ചെയ്താൽ വൃത്തിയുള്ള ചന്തയിലേക്ക് കാലെടുത്തു വെയ്ക്കാം. കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് സമീപത്തും മാലിന്യം നിക്ഷേപിക്കുന്നു.