തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന് തിരൂര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കിയിട്ടുണ്ട്. ഏറെ യാത്രക്കാരുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകളാണ് തിരൂരും ചെങ്ങന്നൂരും. ശബരിമല, പരുമല പള്ളി തുടങ്ങിയ നിരവധി പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ ഏറെ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെങ്ങന്നൂര്‍. തികഞ്ഞ അരക്ഷിതാവസ്ഥയുള്ള റെയില്‍വേ സ്റ്റേഷനാണ് തിരൂരെന്നും അതിനാല്‍ രാത്രി ട്രെയിന്‍ നിര്‍ത്തുന്നത് പരിഗണിക്കാനാവില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണ് റെയില്‍വേ നല്‍കിയത്. ഈ അവഗണന അവസാനിപ്പിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.
അതേസമയം വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിനില്‍ എംപി വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സമ്മാനിച്ച ലോകോത്തര നിലവാരത്തിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിനില്‍ സ്വന്തം പോസ്റ്റര്‍ ഒട്ടിച്ച് അശ്ലീലമാക്കിയെന്നും, പാലക്കാടിന്റെ എംപി ശ്രീകണ്ഠന്റെ അല്പത്തരത്തില്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും വാര്‍ത്താ കുറിപ്പില്‍ ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി അറിയിച്ചു.