പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പോലീസ് വനിതാ സെല്ലിന്റെ പ്രവര്‍ത്തനം പുതിയ ഓഫീസ് മുറിയിലേക്ക് മാറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുനടന്ന ചടങ്ങിന് ശേഷമാണ് പുതിയ മുറിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ജില്ലാ പോലീസ് മേധാവി പ്രത്യേക താല്‍പര്യമെടുത്ത് നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ മാറ്റം. ജില്ലാ പോലീസ് കാര്യാലയത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ ഒരു മുറിയിലാണ് ഇതുവരെ വനിതാ സെല്‍ പ്രവര്‍ത്തിച്ചുവന്നത്. ഇതിന് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്ന ജില്ലാ പോലീസ് സ്റ്റോര്‍ മുറി കഴിഞ്ഞയാഴ്ച മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ഈ മുറികൂടി ചേര്‍ത്താണ് ഇപ്പോള്‍ വനിതാ സെല്ലിന്റെ പ്രവര്‍ത്തനസൗകര്യം വര്‍ധിപ്പിച്ചത്.
നിലവിലെ വനിതാ സെല്ലിന്റെ ഓഫീസ് പരാതിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള വിശ്രമമുറിയായി പരിവര്‍ത്തിപ്പിച്ചു. കൂടാതെ വനിതാ പോലീസ് ഇന്‍സ്പെക്ടറുടെ മുറിയില്‍ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കും. മാറ്റിസ്ഥാപിച്ച സ്റ്റോര്‍ മുറിയിലാണ് പോലീസ് ഇന്‍സ്പെക്ടറുടെയും, സബ് ഇന്‍സ്പെക്ടറുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. കൂടാതെ വനിതാ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഇരിപ്പിടങ്ങളും വിശ്രമസ്ഥലവും ഈമുറിയില്‍ ക്രമീകരിച്ചിരിക്കുന്നു.
പരാതിയുമായി എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ വേഗത്തിലും സുഗമമായും പോലീസ് നടപടി ലഭ്യമാക്കാനാവുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനത്തിനും വിശ്രമത്തിനും കൂടുതല്‍ സൗകര്യം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ചടങ്ങില്‍ അഡീഷണല്‍ പോലീസ് സുപ്രണ്ട് എന്‍. രാജന്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ള, ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ് കുമാര്‍, ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി വി.ജെ. ജോഫി, ഡിപിഒ മാനേജര്‍ ശ്രീകല, വനിതാ സെല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഉദയമ്മ, വനിതാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ലീലാമ്മ, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും, മിനിസ്റ്റീരിയല്‍ ജീവനക്കാരും മറ്റും പങ്കെടുത്തു.