വഞ്ചിയൂര്‍ : വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പില്‍ ദുരൂഹത തുടരുന്നു. ട്രഷറിയിലെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വീഴ്ച കണ്ടെത്തിയതിന് തൊട്ട് പിന്നാലെ മുഖ്യപ്രതി ബിജു ലാല്‍ പണം തട്ടിയതിലാണ് ദുരൂഹത. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ചുമതലയില്‍ ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമുള്ളവരെ നിയമിക്കാത്തതും ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ട്രഷറി തട്ടിപ്പില്‍ ഉന്നത ഗൂഢാലോചനയില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുമ്പോഴും തട്ടിപ്പിന് പിന്നിലെ ദുരൂഹത തുടരുകയാണ്. ട്രഷറി ഡയറക്ടേറ്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം മറയാക്കി നടന്ന തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക്
പങ്കുണ്ടാകാനുള്ള സാധ്യത ബലപ്പെടുകയാണ്.
ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറിനെ കുറിച്ച് കാസര്‍ഗോഡ് ജില്ല ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടറെ അറിയിക്കുന്നത് 2019 നവംബര്‍ 18 നായിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇതേ തകരാര്‍ മറയാക്കി ബിജു ലാല്‍ തട്ടിപ്പിന് തുടക്കമിട്ടതാണ് പ്രധാന ദുരൂഹത. ഓണ്‍ലൈന്‍ ഇടപാടിലെ തകരാര്‍ സംബന്ധിച്ച് ബിജു ലാലിന് എങ്ങനെ വിവരം ലഭിച്ചു എന്നതും സംശയകരമാണ്. പല മാസങ്ങളിലായി 9 ഇടപാടുകളിലായി 74 ലക്ഷത്തോളം രൂപ പിന്‍വലിച്ചപ്പോഴും ട്രഷറി ഡയറക്റ്ററേറ്റ് ഇടപെട്ടില്ല. വലിയ തുക നഷ്ടമായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതും ഇടപെടാത്തതും ഗൂഢാലോചന നടന്നെന്ന സംശയവും ബലപ്പെടുത്തുന്നുണ്ട്. ട്രഷറി ഡയറക്ട്രേറ്റിലെ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ചുമതല വഹിക്കുന്ന കംപ്യൂട്ടര്‍ ചീഫ് കോര്‍ഡിനേറ്റര്‍ അടക്കമുളളവര്‍ ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണെന്നതും ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ട്രഷറി തട്ടിപ്പില്‍ നിലവില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞിരുന്നത്.