കൊച്ചി : വാരിയംകുന്നന്‍ പ്രൊജക്ടില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി ഔദ്യോഗികമായി അറിയിച്ച് സംവിധായകന്‍ ആഷിഖ് അബു. നിര്‍മ്മാതാവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് സിനിമയില്‍ നിന്നും പിന്മാറിയതെന്നാണ് ആഷിഖ് അബു വ്യക്തമാക്കുന്നത്. വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ നിന്നും പിന്മാറിയതായി സംവിധായകന്‍ വ്യക്തമാക്കുന്നത്. ഇതോടെ, വലിയ ചര്‍ച്ചയായ സിനിമ പ്രഖ്യാപനത്തിനു അവസാനമുണ്ടായിരിക്കുകയാണ്.
വാരിയംകുന്നന്‍ മുഹമ്മദ് ഹാജിയെയും മലബാര്‍ ലഹളയെയും സംബന്ധിച്ച് വന്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സമയത്താണ് ആഷിഖ് അബുവിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു ആഷിഖ് അബു അറിയിച്ചിരുന്നത്. എന്നാല്‍, സിനിമയുടെ പ്രഖ്യാപനം നടന്നില്ല. പകരം ഇരുവരും ഒന്നിക്കുന്ന നീലവെളിച്ചം എന്ന സിനിമ പ്രഖ്യാപിച്ചു. ഇതോടെയാണ് വാരിയംകുന്നന്‍ നടക്കില്ലേയെന്ന ആശങ്ക ആരാധകര്‍ പങ്കുവെച്ചത്. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്.
സിനിമ പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ തിരക്കഥാകൃത്തായി പറഞ്ഞ റമീസ് മുഹമ്മദിനെ താലിബാന്‍ അനുകൂല നിലപാടിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാറ്റി നിര്‍ത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നിലവില്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിനായി തെലങ്കാനയിലെ ഹൈദരാബാദില്‍ ആണ്.