തിരുവനന്തപുരം: വർക്കല എസ്.ആർ ട്രസ്റ്റിന് കീഴിലുളള ദന്തൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കാൻ ദന്തൽ കൗൺസിൽ ശുപാർശ ചെയ്തു. വർക്കല ശ്രീശങ്കര ദന്തൽ കോളേജിന്റെ ബിഡിഎസ്, എംഡിഎസ് പ്രവേശന നടപടികൾ നിർത്തിവയ്ക്കാനാണ് നിർദ്ദേശം. കോളജിലെ വിദ്യാർത്ഥികളെ മറ്റിടങ്ങളിലേക്ക് മാറ്റാനും നിർദ്ദേശമുണ്ട്. എംസിഐ നിരീക്ഷിച്ച സൗകര്യങ്ങൾ കോളേജിൽ ഇല്ലെന്നും ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പല അധ്യാപകരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. കോളേജ് മാനേജ്മെന്റിന്റെ പല പണമിടപാടുകളിലും കൃത്യതയില്ല. നഴ്സിംഗ് ജീവനക്കാരുടെ പട്ടിക വ്യാജമെന്ന് സംശയിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വ്യാജരേഖ ചമച്ചാണ് വർക്കല എസ്ആർ മെഡിക്കൽ കോളെജ് മാനേജ്മെന്റ് ആവശ്യകത സർട്ടിഫിക്കറ്റ് സമ്പാദിച്ചതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കോളെജിൽ പരിശോധനക്കെത്തിയ മെഡിക്കൽ കൗൺസിൽ സംഘത്തെ മാനേജ്മെന്റ് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവാരമില്ലാത്ത കോളെജിന് ആവശ്യകത സർട്ടിഫിക്കറ്റ് ഇനി അനുവദിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം കോളെജിന്റെ ആവശ്യകത സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു.ഈ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് മാനേജ്മെന്റ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ മറുപടി നൽകിയത്.