വര്‍ക്കല: ഇരുനൂറോളം മോഷണ കേസിലെ പ്രതിയും കൂട്ടാളികളും പിടിയിലായപ്പോള്‍ പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതിയെ കൂടാതെ കൂട്ടാളികളായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. വര്‍ക്കലയില്‍ നിന്ന് അറസ്റ്റിലായ ഇവര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച കേസുകളില്‍ പ്രതികളാണ്.
കഴക്കൂട്ടം മേനംകുളം പുത്തന്‍തോപ്പ് ചിറക്കല്‍ വീട്ടില്‍ ‘സെഞ്ചുറി ഫസലുദ്ദീന്‍’ എന്ന ഫസലുദ്ദീനാണ്(64) പിടിയിലായത്. കവര്‍ന്ന സ്വര്‍ണം വിറ്റഴിക്കാന്‍ സഹായിച്ച സഹോദരി കണിയാപുരം ചിറക്കല്‍ ആറ്റരികത്ത് വീട്ടില്‍ ഷാഹിദ(55)യും മറ്റൊരു സഹോദരിയുടെ മകളായ അസീല(32)യുമാണ് പിടിയിലായ രണ്ടു പേര്‍. എന്നാല്‍ പോലീസ് പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 200റോളം മോഷണങ്ങളിലായി ഇവര്‍ കവര്‍ന്നിരിക്കുന്നതാകട്ടെ 700 പവന്‍ സ്വര്‍ണം. അതും മുപ്പത് വര്‍ഷത്തിനുള്ളിലാണ് ഇത്രയും മോഷണം നടത്തിയിരിക്കുന്നത്. മാത്രവുമല്ല വിവിധ കേസുകളിലായി 18 വര്‍ഷത്തോളം ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എന്നിട്ടെന്താ പുറത്തിറങ്ങിയാല്‍ വീണ്ടും അടുത്ത മോഷണം. ഇങ്ങനെ ഒരു മോഷണത്തിനിടയിലാണ് ഇവര്‍ വീണ്ടും പോലീസ് പിടിയിലായത്.