ബംഗളൂരു: കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മരണത്തിന് കീഴടങ്ങി. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. ഇതോടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ബെംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വരുണ്‍ സിംഗ്. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്‌നത്തിലായിരുന്നു ഡോക്ടര്‍മാര്‍. അപകടത്തില്‍ വരുണ്‍ സിംഗിന്റെ കൈകള്‍ക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്. വില്ലിങ്ടണ്‍ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്.
കഴിഞ്ഞവര്‍ഷം വരുണ്‍ സിംഗ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിച്ചത്. ഉയര്‍ന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാര്‍ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്. വെല്ലിംങ്ങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേ വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്.