തിരുവനന്തപുരം : വിസി വിവാദത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലടിക്കുമ്പോള്‍ സര്‍വകലാശാലകളില്‍ താമരനടാന് ബിജെപി ലക്ഷ്യം. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിലൂടെ കേരളത്തിലെ സര്‍വകലാശാലകളില്‍ കേന്ദ്രസര്‍ക്കാര്‍ വഴി ഇടപെടാനുള്ള ബി.ജെ.പി ശ്രമവും ചര്‍ച്ചയാവുന്നു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയെന്നും താന്‍ വഴങ്ങിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചെന്നും വേണ്ട തീരുമാനമെടുക്കാന്‍ താങ്കള്‍ക്ക് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പിടിമുറുക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളുടെ പ്രത്യക്ഷ തെളിവായാണ് വിലയിരുത്തുന്നത്. എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പ്രഫസറും ഡീനുമായിരുന്ന ഡോ. കെ.എം. സീതിയെ ആണ് കാലിക്കറ്റ് വി.സി പദവിയിലേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇടതുസഹയാത്രികനും സംഘ്പരിവാര്‍ വിമര്‍ശകനുമായ ഡോ. സീതി വി.സിയാവുന്നത് തടയാനും തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സി.എ. ജയപ്രകാശിനെ നിയമിക്കാനും ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതില്‍ സെര്‍ച് കമ്മിറ്റി ഒന്നാമത്തെ പേരായി നിര്‍ദേശിച്ച കെ.എം. സീതിയുടെ പേര് വി.സി നിയമനം വൈകിപ്പിച്ച് ഗവര്‍ണര്‍ തന്ത്രപരമായി വെട്ടുകയായിരുന്നു.
2020 മേയ് 18ന് കാലിക്കറ്റ് വി.സി നിയമന സെര്‍ച് കമ്മിറ്റി ചേരുകയും 19ന് തന്നെ മൂന്ന് പേരുടെ പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. സാധാരണ പാനല്‍ സമര്‍പ്പിക്കുന്ന അന്ന് തന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ നിയമനം നടത്തി ഗവര്‍ണര്‍ ഉത്തരവിറക്കാറുണ്ട്. എന്നാല്‍ മേയ് 28ന് കെ.എം. സീതിക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഗവര്‍ണര്‍ നിയമനത്തില്‍ തീരുമാനമെടുത്തില്ല. ഇതോടെ ഡോ.കെ.എം. സീതി പട്ടികയില്‍ നിന്ന് പുറത്തായി. ഇതോടെ ജയപ്രകാശിനെ നിയമിക്കാന്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ രാജ്ഭവന് മേല്‍ സമ്മര്‍ദം മുറുക്കി.
സീതി പുറത്തായതോടെ പാനലിലെ മറ്റൊരാളായ ഡോ.എം.കെ. ജയരാജിനെ വി.സിയാക്കാനുള്ള താല്പര്യം സര്‍ക്കാര്‍ പലതവണ ഗവര്‍ണറെ അറിയിച്ചു. രണ്ട് മാസത്തോളം വൈകി ജൂലൈയിലാണ് ഡോ. ജയരാജിനെ വി.സിയായി നിയമിച്ചത്. കാലിക്കറ്റ് വി.സി നിയമനത്തില്‍ കേന്ദ്രസര്‍ക്കാറിനെ മുന്നില്‍നിര്‍ത്തി ബി.ജെ.പി നടത്തിയ നീക്കം ഒടുവില്‍ ഗവര്‍ണറിലൂടെ തന്നെ പുറത്തുവരുകയായിരുന്നു.ബി.ജെ.പി നോമിനിയെ നിയമിക്കാനുള്ള സമ്മര്‍ദത്തിന് വഴങ്ങിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, ഡോ.കെ.എം. സീതി വി.സിയാകരുതെന്ന ബി.ജെ.പി തീരുമാനത്തിന് കൂട്ടുനിന്നെന്നും വ്യക്തമായി.നേരത്തെ സര്‍ക്കാര്‍ നോമിനിയെ ഒഴിവാക്കിയാണ് ഡോ. മോഹന്‍ കുന്നുമ്മലിനെ ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലറായി നിയമിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ താല്പര്യം അറിയിച്ചിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ല. നിയമനത്തില്‍ ചരടുവലിച്ചത് കേന്ദ്രമന്ത്രിയായ ബി.ജെ.പി നേതാവാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.