തിരുവനന്തപുരം: എംഎസ്എം കോളജ് മാനജേരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എസ്എഫ്ഐ നേതാവിന് എംകോം പ്രവേശനത്തിനായി ഇടപെട്ട പാര്‍ട്ടി നേതാവിന്റെ പേര് പറയാത്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സീറ്റ് തരപ്പെടുത്തിയ പാര്‍ട്ടി നേതാവിന്റെ പേര് അങ്ങാടിപ്പാട്ടാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസിനോട് സിപിഎം നേതാവിന്റെ പേര് തനിക്ക് പേര് പറയാന്‍ പറ്റില്ലെന്ന് മാനജേര്‍ക്ക് പറയാന്‍ കഴിയുമോയെന്നും സതീശന്‍ ചോദിച്ചു. സിപിഎം നേതാവ് പറഞ്ഞിട്ടാണ് സീറ്റ് നല്‍കിയതെന്ന് കോളജ് മാനേജര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് തരപ്പെടുത്താനായി ഇടപെട്ട നേതാവ് ആരാണെന്ന് കെ.എസ്.യു നേതാക്കള്‍ ഇതിനകം തന്നെ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
അതേസമയം നിഖില്‍ തോമസിനായി സിപിഎം നേതാവ് ശുപാര്‍ശ നടത്തിയെന്ന് എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു വെളിപ്പെടുത്തിയിരുന്നു. നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല. പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണെന്നും ഹിലാല്‍ ബാബു വ്യക്തമാക്കി.