തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിനല്‍കിയെന്നും അതിലൊന്ന് പ്രതിപക്ഷ നേതാവിന് സമ്മാനമായി നല്‍കിയെന്നുമുള്ള യൂണിടെക് ഉടമയുടെ വെളിപ്പെടുത്തലില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രംഗത്ത് വന്ന കോടിയേരി ബാലകൃഷ്ണനെ ട്രോളി വി.ഡി.സതീശന് എംഎല്‍എ. പ്രതിപക്ഷ നേതാവിനെതിരേ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ ആരോപണം ബൂമറാംഗായെന്ന് വി.ഡി.സതീശന് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്:
ബൂമറാംഗ് എന്നാല്‍ എന്താണ് സര് ? നമ്മള് ഒരാള്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധം തിരിച്ച് നമ്മുടെ നേരെ വരുന്നതിനെയും അങ്ങിനെ പറയാം.
ഉദാഹരണം: പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ഫോണ്‍ ആരോപണം അന്വേഷിക്കുമ്പോള്‍ കോടിയേരിയുടെ പഴയ സ്റ്റാഫിന്റെ പോക്കറ്റിലിരുന്ന് ഫോണ്‍മണിയടിക്കും.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഖുറാനും ഈന്തപ്പഴവും കൈപ്പറ്റിയെന്നാരോപിച്ചു രാജി ആവശ്യം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് കോണ്‍സുലേറ്റില്‍ നിന്നു പാരിതോഷികമായി ഐ ഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്തു പറയാനുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ തനിക്ക് ഐ ഫോണ്‍ ലഭിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി. രാജീവനാണ് കിട്ടിയതെന്നും ചെന്നിത്തല തിരിച്ചടിച്ചു.