തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ക്യാമറകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ത്ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അതേസമയം സംസ്ഥാന വ്യാപകമായി 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആകെയുള്ള 726ല്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തവരെയും അപകട ശേഷം കടന്നു കളയുന്ന വാഹനങ്ങളെയും കണ്ടെത്താനായാണ് ഉപയോഗിക്കുക. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ അതാത് സമയം തന്നെ വാഹന ഉടമയുടെ മൊബൈലിലേയ്ക്ക് സന്ദേശമായി അയക്കും.