തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവില്‍ തിളങ്ങിയ മലയാള സിനിമയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാളിയെന്ന നിലയില്‍ സന്തോഷവും അഭിമാനവുമുണ്ട്. അയ്യപ്പനും കോശിയും പോലെ മികച്ച എത്രയെത്ര ചലച്ചിത്ര കാഴ്ചകളാണ് സച്ചി ബാക്കിയാക്കി പോയതെന്നും പ്രതിപക്ഷ നേതാവ് കുറിച്ചു.
‘മലയാളത്തിളക്കമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാളിയെന്ന നിലയില്‍ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്. പക്ഷെ ഈ സന്തോഷങ്ങള്‍ക്കിടയിലും നെഞ്ചിലെ നീറ്റലായി മാറുകയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സച്ചി… തുടക്കത്തില്‍ തന്നെ പൊലിഞ്ഞു പോയൊരു മഹാപ്രതിഭ… അയ്യപ്പനും കോശിയും പോലെ, അതുമല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച എത്രയെത്ര ചലച്ചിത്ര കാഴ്ചകളാണ് പ്രിയ സച്ചി ബാക്കിയാക്കി പോയത്…. അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ എന്നിവര്‍ നടിക്കും സഹനടനും പിന്നണി ഗായികയ്ക്കും ഉള്‍പ്പടെ 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട സൂര്യയും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍’.
‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സച്ചി മരണത്തിന് കീഴടങ്ങിയത്. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലായിരുന്നു മരണം. അദ്ദേഹത്തിന് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിക്കും നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചി സ്വന്തമാക്കി. അയ്യപ്പനും കോശിക്കും വേണ്ടി പാടിയ നഞ്ചിയമ്മയാണ് മികച്ച ഗായിക. ഇതേ ചിത്രത്തിലെ തന്നെ അഭിനയത്തിന് ബിജു മേനോന്‍ സഹനടനുള്ള പുരസ്‌കാരവും മാഫിയ ശശി മികച്ച സംഘട്ടനത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി.
മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്‌കാരം അനൂപ് രാമകൃഷ്ണന് ലഭിച്ചു. എം.ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിനു ലഭിച്ചു.’വാങ്ക്’ എന്ന സിനിമയിലൂടെ സംവിധായകന്‍ കാവ്യാ പ്രകാശിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ശോഭ തരൂര്‍ ശ്രീനിവാസന്‍ മികച്ച വിവരണത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വിദ്യാഭ്യാസ ചിത്രം നന്ദന്‍ ഒരുക്കിയ ഡ്രീമിങ് ഓഫ് വേര്‍ഡ്‌സിനാണ്.
കപ്പേള എന്ന ചിത്രത്തിലൂടെ അനീസ് നാടോടി മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം നേടി. മികച്ച ശബ്ദമിശ്രണം മാലിക്കിലൂടെ ശ്രീശങ്കറിനും വിഷ്ണു ഗോവിന്ദിനും ലഭിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളിയ്ക്ക് ലഭിച്ചു. തമിഴ് സിനിമ സൂരരൈ പോട്രുവിലെ അഭിനയത്തിനാണ് അവാര്‍ഡ്. സുധ കൊങ്ങര ഒരുക്കിയ ‘സൂരരൈ പോട്രു’ എന്ന ചിത്രമാണ് മികച്ച സിനിമ. സൂര്യ, അജയ് ദേവ്ഗണ്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.