തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ‘അവന്‍’ എന്നു വിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ ഭരണപക്ഷത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണമെന്നും ഇടതുപക്ഷ സഹയാത്രികനായ അഭിവന്ദ്യനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നു വിളിച്ചതെന്നും സതീശന്‍ നിയമസഭയിൽ പറഞ്ഞു. ‘ബിഷപ്പിനെ വിവരദോഷി എന്നു വിളിച്ചപ്പോൾ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഭരണപക്ഷത്തു നിന്നും ആരെങ്കിലും ഉണ്ടായോ?.
പാവം പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് മാത്രം മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തു വന്നു. മുഖ്യമന്ത്രി ബിഷപ്പിനെ വിവരദോഷി എന്നു പറഞ്ഞത് ശരിയാണെന്ന് റിയാസ് പറഞ്ഞു. പാവം റിയാസുമാത്രമേ ഉണ്ടായുള്ളൂ. ഈ ധനമന്ത്രി ബാലഗോപാലോ ഒറ്റ എംഎൽഎയോ ബിഷപ്പിനെ വിവരദോഷിയെന്ന് വിളിച്ചത് ശരിയാണെന്ന് പറഞ്ഞില്ല. പാവം റിയാസ് മാത്രമേ ഉണ്ടായൂള്ളൂ. ഭാഗ്യം’. വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി പലകാലത്തായി പ്രയോഗിച്ച മൂന്നു നാലു വാക്കുകളുണ്ട്. താന്‍ അത് ഉദ്ധരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പറയുന്ന ഒരു വാക്കുപോലും നിയമസഭ രേഖകളില്‍ നിന്നും നീക്കം ചെയ്യപ്പെടരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്. മുഖ്യമന്ത്രി പറഞ്ഞ പല വാക്കുകളും ഇവിടെ പറഞ്ഞാല്‍ അണ്‍പാര്‍ലമെന്ററിയായിപ്പോകും. അതുകൊണ്ട് മുഖ്യമന്ത്രിയെപ്പോലും ക്വോട്ട് ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.