കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖല ആകെ സ്തംഭിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നു. പി ആര്‍ ഏജന്‍സികള്‍ വെച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ് – അദ്ദേഹം പറഞ്ഞു.