തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്‍ നടത്തിയ ഭരണഘടനാവിരുദ്ധ പരാമര്‍ശങ്ങള്‍ ആര്‍ എസ് എസിന്റെ അഭിപ്രായങ്ങള്‍ക്ക് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍ എസ് എസിന്റെ ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.
വി.ഡി സതീശന്റെ വാക്കുകള്‍..
ഭരണഘടനയെ തൊട്ട് സത്യം ചെയ്ത, ഭരണഘടനോട് കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയ, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണ് ഭരണഘടന രാജ്യത്തിന് കൊള്ളയടിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ് അവഹേളിച്ചിരിക്കുന്നത്. ഈ പരാമര്‍ശം ആര്‍ എസ് എസിന്റേതിന് തുല്യമാണ്. ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയില്‍ ഉള്ളതെന്നാണ് ആര്‍ എസ് എസിന്റെ സ്ഥാപകാചാര്യനായ ഗോള്‍വാള്‍ക്കറും പറഞ്ഞിട്ടുള്ളത്.
മുഖ്യമന്ത്രിയുടെയും സജി ചെറിയാന്റെയും അഭിപ്രായം സമാനമാണെങ്കില്‍ സജി ചെറിയാനെ നിലനിര്‍ത്താം. അല്ലെങ്കില്‍ മന്ത്രിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുക. അതുമല്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കണം. ബി.ആര്‍ അംബേദ്‌കറെയും മന്ത്രി അപമാനിച്ചിരിക്കുകയാണ്.
ആര്‍ എസ് എസിന്റെ മാത്രം ആശയങ്ങള്‍ പഠിച്ച് വരികയാണ് സജി ചെറിയാന്‍. രാജിവച്ച് പുറത്തുപോയി ആര്‍ എസ് എസില്‍ ചേരുകയാണ് നല്ലത്. സംസ്ഥാന മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും ആര്‍ എസ് എസിന്റെ സഹാത്തോടെ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കും. ആര്‍ എസ് എസ് നേതാക്കള്‍ പറയുന്നതിനേക്കാള്‍ ആര്‍ജവത്തോടെയാണ് സജി ചെറിയാന്‍ അവരുടെ ആശയങ്ങള്‍ പറയുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റും പോളിറ്റ് ബ്യൂറോയും സിപിഎം നേതൃത്വവും എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്.