തിരുവനന്തപുരം: ‘മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമ’ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അധികാരവും പോലീസും കൈയ്യില്‍ ഉള്ളതിനാല്‍ എന്തും ചെയ്യുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് ശബരിനാഥിന്‍റെ അറസ്റ്റ് എന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ആരോപിച്ചു. വിമാന യാത്ര വിലക്കിന്‍റെ ജാള്യത മറയ്ക്കാനുള്ള നടപടിയാണിതെന്നും ഹൈബി പ്രതികരിച്ചു.
സംസ്ഥാനഭരണത്തിന്‍റെ വീഴ്ചകളും സ്വര്‍ണ കടത്ത് മറച്ചു വെക്കാനുള്ള നടപടിയാണിത്. ഇ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഗുണ്ടയാണ് എന്ന് തെളിഞ്ഞു എന്നും ഹൈബി അഭിപ്രായപ്പെട്ടു.
ഇ പി ജയരാജനെതിരായ നടപടിക്ക് പിന്നില്‍ ഹൈബി ഈഡന്‍റെ സ്വാധീനമാണെന്ന ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമിന്‍റെ ആരോപണത്തിനും മറുപടി ഉണ്ടായി. സംഭവത്തെക്കുറിച്ച് താന്‍ പരാതി നല്‍കി ട്വീറ്റ് ചെയ്തു എന്നത് സത്യമാണ്. നടപടി എടുപ്പിക്കാന്‍ അത്ര വലിയ സ്വാധീനം തനിക്കുണ്ടോ. ജയരാജന് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണം എന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.