തിരുവനന്തപുരം : ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരില്‍ കക്ഷി ചേരാനില്ല വിസിയെ ക്രിമിനല്‍ എന്നു വിളിച്ചതിനോടും പ്രതിപക്ഷം യോജിക്കുന്നില്ല. വിസിയെ ക്രമവിരുദ്ധമായി നിയമിച്ചത് ഗവര്‍ണറാണ്. ആ തെറ്റു തിരുത്തണം. ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമിടയില്‍ ഇടനിലക്കാരുണ്ട്. ചാന്‍സലര്‍ എന്ന നിലക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വകലാശാല ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി,
സര്‍വകലാശാലകളില്‍ ചാന്‍സലറുടെ അധികാരം നിയന്ത്രിക്കാനുള്ള സര്‍വകലാശാല ഭേദഗതി ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. വിവാദ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. മറ്റന്നാള്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിലെത്തും. നേരത്തെ 26ന് ബില്‍ അവതരിപ്പിക്കാനായിരുന്നു നീക്കം. ഓഗസ്റ്റ് 25, 26, സെപ്തംബര്‍ 2 എന്നീ ദിവസങ്ങളില്‍ നിയമസഭ ഉണ്ടാകില്ല. 23, 24 ദിവസങ്ങളിലായി 12 ബില്ലുകള്‍ അവതരിപ്പിക്കും. ഒരു ദിവസം 6 ബില്‍ എന്ന കണക്കിലായിരിക്കും ഇത്.
ലോകായുക്ത ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ മടിച്ച അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയമ നിര്‍മാണത്തിനായി പ്രത്യേക നിയമസഭ സെഷന്‍ വിളിച്ചു ചേര്‍ത്തത്. നിയമ നിര്‍മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സഭ സമ്മേളിക്കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ വന്നതോടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍, ചാന്‍സലറായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി അവതരിപ്പിക്കുന്ന പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് ശക്തമായതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കോണ്‍ഗ്രസ്, ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് ഉറപ്പാണ്.
ലോകായുക്ത ഭേദഗതി ബല്ലിനെയും പ്രതിപക്ഷം നഖശിതാന്തം എതിര്‍ക്കുകയാണ്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥയോട് സിപിഐക്കും എതിര്‍പ്പുണ്ട്. എന്നാല്‍ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സിപിഎം-സിപിഐ ചര്‍ച്ച ഇന്നലെ നടന്നിരുന്നു.