പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് നികുതി ഭീകരത നടപ്പാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പെട്രോള്‍ -ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാന പ്രകാരം രാജ്യമാസകലം നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തിരുവല്ലാ കെ.എസ്.ആര്‍.റ്റി.സി കോര്‍ണറില്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വിലകൂടുന്നതുകൊണ്ടല്ല ഇന്ത്യയില്‍ ഇന്ധനവില കൂടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന വിലയേക്കാള്‍ കൂടുതല്‍ നികുതിയാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറല്ല. ജി.എസ്.റ്റി യില്‍ ഉള്‍പ്പെടുത്തിയാല്‍ 28% നികുതിയേ ഈടാക്കാന്‍ കഴിയൂ എന്നുള്ളതുകൊണ്ടാണ് ഇവര്‍ ഒളിച്ചുകളിക്കുന്നത്. കേന്ദ്രവും, സംസ്ഥാനവും ജനങ്ങളെ കബളിപ്പിക്കുന്നു. ഇന്ധന സബ്സിഡി നല്‍കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
പാവപ്പെട്ട ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇത് ആശ്വാസം നല്‍കുമായിരുന്നു. ജനങ്ങളോട് തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ അനീതിക്കെതിരെ ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. നികുതി കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകും. ജനജീവിതം ദുഷ്കരമായിരിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എന്‍. ഷൈലാജ്, കെ.പി.സി.സി നിര്‍വ്വാഹക സമതി അംഗങ്ങളായ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍, റജി തോമസ് , ഡി.സി.സി ഭാരവാഹികളായ സതീഷ് ചാത്തങ്കേരി, വി. ആര്‍ സോജി, അനില്‍ തോമസ്, ജേക്കബ് പി. ചെറിയാന്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍. ജയകുമാര്‍, മണ്ഡലം പ്രസിഡന്റ് അജി തമ്പാന്‍, തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.