റാന്നി: സ്വന്തം കൃഷി ഇടത്തിലോ പാട്ടത്തിന് കൃഷി നടത്തുന്ന ഇടങ്ങളിലോ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ സ്വന്തം നിലയിൽ വേട്ടയാടണമെന്ന ആവശ്യവുമായി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. ഇടവിള കൃഷിക്കായി ഇഞ്ചി, മഞ്ഞൾ വിത്ത് വിതരണം ഉദ്ഘാടനം നടത്തവെയാണ് പ്രസിഡന്റ് റ്റി കെ ജയിംസ് കർഷകരോട് ആവശ്യപ്പെട്ടത്. പഞ്ചായത്ത് രാജ് ചട്ട പ്രകാരവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ സവിശേഷ അധികാര പ്രകാരം ചീഫ് വൈൽഡ് വാർഡന്‍ അധികാര പദവി വെച്ചും വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ കാട്ടുപന്നികളെ കൊന്നൊടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് ആവശ്യപ്പെട്ടത്. പന്നിപടക്കം, ഇലക്ട്രിക്കൽ ഷോക്ക്, വിഷം എന്നീ 3 മാർഗ്ഗങ്ങൾ ഒഴികെ പന്നികളെ വേട്ടയാടുന്നതിനായി സ്വന്തമായി തോക്ക് ഇല്ലാത്ത കർഷകന് അവന് അറിയാവുന്ന മാർഗ്ഗം സ്വീകരിച്ച് പന്നികളെ വേട്ടയാടാമെന്നും വേട്ടയാടിയാൽ ഗ്രാമ പഞ്ചായത്തിനെ അറിയിക്കണമെന്നും വേട്ടയാടുന്ന കർഷകന് 1000 രൂപയും കുഴിച്ചിടുന്ന ആൾക്ക് 500 രൂപയും നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.
മുൻകൂർ അനുമതി നല്‍കുന്നതിനായി വെള്ള പേപ്പറിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നല്‍കണമെന്നും അപേക്ഷ നല്‍കുന്നവർക്ക് ഉടൻ തന്നെ വേട്ടയാടുന്നതിനുള്ള ഉത്തരവുകൾ നല്‍കുന്നതായിരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. തോക്ക് ലൈസൻസുള്ള 8 പേർക്ക് കർഷകരുടെ കൃഷി ഭൂമിയിൽ പ്രവേശിപ്പിച്ച് കാട്ടുപന്നികളെ വെടി വെച്ചു കൊല്ലുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിൽ ആർക്കും തന്നെ തോക്ക് സ്വന്തമായിട്ടില്ല. അതിനാൽ പഞ്ചായത്തിന് വെളിയിൽ ഉള്ളവർക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇവരെ അറിയിച്ച് സ്ഥലത്ത് എത്തുമ്പോഴേക്കും പന്നികൾ രക്ഷപ്പെടാറാണ് ഉള്ളത്. അതിനാൽ പന്നികളെ നിർമ്മാർജ്ജനം ചെയ്യുന്നത് അത്ര ഫലപ്രദമാകുന്നില്ല. ഇതിനാലാണ് കർഷകർ നേരിട്ട് അവർക്ക് അറിയാവുന്ന ഉപാധികൾ ഉപയോഗിച്ച് പന്നികളെ വേട്ടയാടണമെന്ന് പ്രസിഡന്റ് പറഞ്ഞത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സ്ഥിര സമതി അദ്ധ്യക്ഷരായാ ഇ.വി.വർക്കി, എസ് രമദേവി, അംഗങ്ങളായ ജിനു മനയത്തുമാലി, എലിസബ് തോമസ്, ജോയി ജോസഫ്, റംസി ജോഷി, നഹാസ്, ടി.കെ.രാജൻ, പ്രസന്നകുമാരി, കൃഷി ഓഫിസർ നീമാ എന്നിവർ പ്രസംഗിച്ചു.