വെച്ചൂച്ചിറ : ആശാവർക്കർമാർക്ക് പ്രതിമാസം 2000 രൂപ വീതം ഇൻഷുറൻസിനും യൂണിഫോമിനുമായി ബഡ്ജറ്റിൽ തുക കൊള്ളിച്ചു വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. 5 ലക്ഷം രൂപയാണ് ഇതിനായി ബഡ്ജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. സുന്ദരകൗമാരം സുരക്ഷിത കൗമാരം എന്ന പ്രോജക്ട് മദ്യത്തിനും മയക്കുമരുന്നിനുമുള്ള പോരാട്ടമായി ഏറ്റെടുത്തുകൊണ്ട് വിപുലീകരിക്കുന്നതിനും ബഡ്ജറ്റിൽ വിഹിതം വെച്ചിട്ടുണ്ട്. കാർഷിക ഗ്രാമമായ വെച്ചൂച്ചിറയിൽ കൃഷിക്കും മൃഗസംരക്ഷണത്തിനും ഊന്നൽ നൽകി വിവിധ പദ്ധതികൾക്കായി ഒരു കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഭവന നിർമ്മാണം അറ്റകുറ്റപ്പണികൾ മുതലായവയ്ക്ക് വിവിധ വകുപ്പുകളുടെ വിഹിതവും ബാങ്ക് ലോണും ചേർത്ത് 6 കോടി രൂപ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചു.
ദാരിദ്ര്യനിർമാർജനം പദ്ധതിയിൽ കോഴി, കറവ പശു തൊഴിൽ സംരംഭങ്ങളുടെ പ്രോത്സാഹനം എന്നിവയ്ക്കായും തുക മാറ്റി വെച്ചിട്ടുണ്ട്. സമ്പൂർണ്ണ ശുചിത്വത്തിനായും ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് കമ്മ്യൂണിറ്റി ഇൻസിനെ തുടങ്ങിയ പദ്ധതികൾക്കായി 3 കോടി രൂപയും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ശിശുക്കൾ, വനിതാ ഘടക പദ്ധതി എന്നിവയ്ക്കായി 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡ് മെയിന്റനൻസ്, റോഡ് കോൺക്രീറ്റ് എന്നീ മേഖലയ്ക്കായി അഞ്ചു കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ആയുർവേദ ആശുപത്രി നിർമ്മിക്കുന്നതിന് 60 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കായി 60 ലക്ഷം രൂപയുടെ വിവിധ നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് അധ്യക്ഷത വഹിച്ചു.