പത്തനംതിട്ട : കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്നും അതിനുള്ള പരിശ്രമം നടന്നു വരുന്നതായും ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയിലെ എംഎല്‍എ ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഭിന്നശേഷിക്കാര്‍ക്കായി നിരവധി ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. നമ്മുടെ വിവിധ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുഇടങ്ങള്‍ തുടങ്ങിയവ ഭിന്നശേഷി സൗഹൃദം ആയിരിക്കണം. വികസനം സാധ്യമാകുന്ന സമൂഹത്തിന് ഇത് അത്യാവശ്യമാണ്. ഭിന്നശേഷിക്കാരില്‍ അര്‍ഹരായവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്. സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക കരുതല്‍ ഭിന്നശേഷിക്കാര്‍ക്കായി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ വൈകല്യം മറികടക്കാനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതില്‍ ഒരു പ്രധാന പരിപാടിയാണ് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും എല്ലാ പിന്തുണയും ഭിന്നശേഷി വിഭാഗത്തിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മേഴ്‌സി വര്‍ഗീസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഏലിയാസ് തോമസ്, സീനിയര്‍ സൂപ്രണ്ട് ജെ. ഷംല ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.