പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ എല്ലാത്തരം അതിക്രമങ്ങളും തടയുന്നതിന് പോലീസ് നടത്തുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി മാതൃകാപരമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അഭിപ്രായപ്പെട്ടു. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ശേഷം 3 ന് നടന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമാക്കി 2015 ൽ സംസ്ഥാനത്ത് ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി അതേവർഷം തന്നെ പത്തനംതിട്ട ജില്ലയിലും തുടങ്ങിയിരുന്നു. ജില്ലയിലെ പോലീസ് മികച്ച പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ഈ പദ്ധതി വളരെ നല്ല ഫലമാണ് നൽകുന്നത്. എ ഡി ജി പി ബി സന്ധ്യ ഐപിഎസിന്റെ നേതൃത്വത്തിലാണ് പരിപാടി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ വനിതാ സെൽ പോലീസ് ഇൻസ്‌പെക്ടർ ഉദയമ്മയാണ് നേതൃത്വം നൽകുന്നതെന്നും 3 മാസ്റ്റർ ട്രൈനർമാരാണ് ജില്ലയിൽ വനിതകൾക്കായി വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകിവരുന്നതെന്നും 14 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ 764 കുട്ടികൾക്ക് ഈവർഷം ഇതുവരെ പരിശീലനം നൽകിയതായും അധ്യക്ഷത വഹിച്ച ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് പറഞ്ഞു.
ചടങ്ങിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ ജെ ഉമേഷ് കുമാർ സ്വാഗതവും വനിതാ സെൽ പോലീസ് ഇൻസ്‌പെക്ടർ നന്ദിയും പറഞ്ഞു. പ്രമാടം ഗ്രാമപഞ്ചായത് പ്രസിഡന്റ് നവനീത് മുഖ്യാഥിതിയായിരുന്നു. കോന്നി ഡിവൈഎസ്പി ബൈജുകുമാർ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു അനിൽ, കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഇരുന്നൂറ്റി അമ്പതോളം കുടുംബശ്രീ അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.