തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡി എഫ് പത്തനംതിട്ട ജില്ല ചെയർമാനും കേരളാ കോൺഗ്രസ് ജില്ല പ്രസിഡൻ്റുമായ അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ മേഖല തകർന്നടിഞ്ഞുകഴിഞ്ഞു. ഏറ്റവും അവസാനം കോട്ടയത്ത് ഒരു പാവപ്പെട്ട സ്ത്രീയുടെ ജീവൻ പോലും ബലികഴിക്കേണ്ടി വന്നു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് മന്ത്രി വീണാ ജോർജ്ജ് രാജിവെച്ച് പുറത്ത് പോകുന്നതിന് പകരം അധികാരത്തിൽ കടിച്ച് തുങ്ങുന്നത് ജനാധിപത്യ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളും സർക്കാർ ആശുപത്രികളും ഇന്ന് നോക്കുകുത്തികളായി മാറിയിരിക്കഴിഞ്ഞു. ആരോഗ്യ മേഖലയിൽ പേര് കേട്ട സംസ്ഥാനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ്. ആരോഗ്യ മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. നാട്ടിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും ചികിത്സാ ചെലവുകൾ പതിൻമടങ്ങ് വർദ്ധിച്ചിട്ടും ആരോഗ്യ സുരക്ഷയെക്കരുതിയുള്ള എല്ലാ സാമ്പത്തിക സഹായവും നിർത്തലാക്കിയ പിണറായി സർക്കാർ പാവങ്ങളുടെ ജീവൻ പന്താടുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇത്തരം നടപടികള്‍ക്കെതിരെ ജനരോഷം ഉയരണമെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു.