കൊല്ലം : പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ രോഗികളുടെ കൂട്ടിരിപ്പുകാരുടെ പരാതിയിന്‍മേല്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തര ഇടപെടല്‍. ചില ടോയിലെറ്റുകള്‍ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്ന കാര്യമാണ് കൂട്ടിരിപ്പുകാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ടോയിലെറ്റ് തുറന്ന് പരിശോധിക്കുകയും എത്രയും വേഗം ഉപയോഗപ്രദമാക്കി തുറന്ന് കൊടുക്കാന്‍ മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.
വാര്‍ഡുകളില്‍ ചെരിപ്പിട്ട് കയറാന്‍ അനുവദിക്കുന്നില്ലെന്ന് ചില രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോട് പരാതിപ്പെട്ടു. വാര്‍ഡിനകത്ത് ചെരിപ്പിടാന്‍ അനുവദിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ടി.ടി ഇന്‍ജക്ഷന്‍ മരുന്ന് പുറത്തെഴുതുന്നതായുള്ള പരാതിയിന്‍മേല്‍ മന്ത്രി പരിശോധന നടത്തി. മരുന്നിന്റെ സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ ടി.ടി ഇന്‍ജക്ഷന്‍ മരുന്ന് ഉള്ളതായി കണ്ടെത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
കൊല്ലം മെഡിക്കല്‍ കോളജില്‍ വകുപ്പ് മേധാവികളുടെ യോഗം മന്ത്രി വിളിച്ചു ചേര്‍ത്തു. മെഡിക്കല്‍ കോളജിനായി സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകള്‍ സൃഷ്ടിക്കും. 20 ഏക്കറോളം അധിക ഭൂമി ഏറ്റെടുക്കുന്നതാണ്. പ്ലേ ഗ്രൗണ്ട് വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിലും മന്ത്രി ഇടപെട്ടു. പ്ലേ ഗ്രൗണ്ടിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാന്‍ പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. ഇ സഞ്ജീവനി ഹബ്ബിന്റെ ഉദ്ഘാടനവും വീണ ജോര്‍ജ് നിര്‍വഹിച്ചു.