ജൂൺ മുതൽ ജനുവരി മാസമാണ് റാഡിഷ് കൃഷി ചെയ്യാൻ പറ്റിയ സമയം. 45 സെൻറീമീറ്റർ അകലത്തിൽ 20 സെൻറീമീറ്റർ വീതം ഉയരമുള്ള വരമ്പുകൾ നിർമ്മിച്ച് കൃഷി ആരംഭിക്കാം. ചെടികൾ തമ്മിലുള്ള അകലം 10 സെൻറീമീറ്റർ ആക്കുന്നതാണ് കൂടുതൽ നല്ലത്. ചെടിയുടെ അടി ഭാഗത്ത് വളപ്രയോഗം നടീൽ സമയത്തുതന്നെ ചെയ്തിരിക്കണം.
കൃഷി പരിപാലനം
നന്നായി നിലം ഉഴുത് കിളച്ച് ഇടണം. എന്നിട്ട് ഒരു സെന്റിന് മൂന്ന് കിലോ കുമ്മായ പൊടി വീതം ചേർത്ത് നൽകണം. നടീൽ സമയത്ത് ആദ്യ ഘട്ട വളപ്രയോഗം നടത്താം. ഈ സമയത്ത് npk വളങ്ങൾ യഥാക്രമം 325 ഗ്രാം, 832 ഗ്രാം, 250 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർത്ത് നൽകിയാൽ മതി. രണ്ടാംഘട്ട വളപ്രയോഗം നടത്തേണ്ടത് പറിച്ചുനട്ട് ഒരു മാസത്തിനു ശേഷമാണ്. ഈ സമയത്ത് യൂറിയ 325 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കുക. ഇതിന്റെ കിഴങ്ങുകൾ മണ്ണിന്‍റെ ഉപരിതലത്തിലേക്ക് വളരാനുള്ള ഒരു പ്രവണതയുണ്ട്. അതുകൊണ്ട് കിഴങ്ങിന് വളർച്ചയ്ക്കും ഗുണമേന്മയും വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ മണ്ണ് ഇട്ട് നൽകണം. ധൃതഗതിയിൽ വളരുന്ന ഘട്ടത്തിൽ തന്നെ രണ്ടാംഘട്ട വളപ്രയോഗം നടത്തുക. കിഴങ്ങുകളുടെ സുഗമമായ വളർച്ചയ്ക്ക് വിതച്ച് മൂന്നാഴ്ച കഴിയുമ്പോൾ ചെടികൾ തമ്മിൽ പത്ത് സെൻറീമീറ്റർ അകലം പാലിച്ചുകൊണ്ട് കൂടുതലുള്ളവ പിഴുതു കളയണം. പരിപാലനമുറകൾ ആയ കള പറിക്കൽ നടത്തി മണ്ണിൽ വായു സഞ്ചാരം വർധിപ്പിക്കുന്നത് മികച്ച സസ്യ വളർച്ചയ്ക്കും നല്ല വിളവിനും കാരണമാകുന്നു. മഴക്കാല കൃഷിയിൽ രണ്ടുതവണ കളനിയന്ത്രണം പ്രധാനമാണ്. പറിച്ചുനട്ട് ഉടനെ ജലസേചനം നടത്തണം.
കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ
ചൈനീസ് പിങ്ക്
12 മുതൽ 15 സെൻറീമീറ്റർ വരെ നീളമുള്ള ഇടത്തരം നീളമുള്ള കിഴങ്ങുകൾ ആണ് ഇവയ്ക്ക്. തിളങ്ങുന്ന ചുവപ്പ് നിറത്തോടുകൂടിയ തൊലിയാണ് ഇതിൻറെ പ്രത്യേകത. കാമ്പ് വെളുത്തതും ഗന്ധം ഉള്ളതുമാണ്.
ജാപ്പനീസ് വൈറ്റ്
25 മുതൽ 30 സെൻറീമീറ്റർ നീളത്തിലും 5 സെൻറീമീറ്റർ വ്യാസത്തോടെയും ഇത് കാണപ്പെടുന്നു. കുന്നിൻ ചെരുവുകളിൽ ജൂലൈ- സെപ്റ്റംബർ മാസങ്ങളിൽ ഇത് കൃഷി ചെയ്താൽ മികച്ച വിളവ് കിട്ടും. വിള മൂപ്പ് 60 മുതൽ 65 ദിവസം വരെയാണ്. തൊലിക്ക് നല്ല വെളുത്ത നിറമാണ്. കാമ്പ് സ്വാദിഷ്ടവും അതീവ ഗന്ധം ഉള്ളതുമാണ്.