വിറ്റാമിൻ സിയുടേയും വിറ്റാമിൻ കെയുടേയും മികച്ച സ്രോതസ്സാണ് പാവയ്ക്ക. ഇതിനെ കയ്പ്പക്ക എന്നും പറയാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷി ചെയ്യുകയാണെങ്കിൽ അത് ആരോഗ്യത്തിനും നല്ലതാണ്. ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ കൃഷി എന്ന് പറയാതെ വയ്യ. ആവശ്യത്തിന് സ്ഥലം ഇല്ലാത്തതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ചട്ടികളിലും കണ്ടെയ്നറുകളിലും ഇത് വളർത്തിയെടുക്കാം. പാവയ്ക്ക കൃഷി എന്തൊക്കെ ശ്രദ്ധിക്കണം; നടീൽ സമയം ജനുവരി- മാർച്ച്, മെയ്- ആഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ- ഡിസംബർ എന്നീ സമയങ്ങളിലാണ് പാവയ്ക്ക നടുന്നതിനുള്ള സമയം. നല്ല ഇനങ്ങൾ – പ്രിയങ്ക, പ്രീതി. എങ്ങനെ കൃഷി ചെയ്യാം? 1. ടെറസിലോ അല്ലെങ്കിൽ വളർത്താൻ ഉദ്ദേശിക്കുന്ന സ്ഥലം കണ്ടെത്തുക. ഓർഗാനിക് സമ്പുഷ്ടമായ, മണൽ അല്ലെങ്കിൽ പശിമരാശി നന്നായി വറ്റിച്ച മണ്ണ് ഉപയോഗിക്കുക. ചാണകവും കമ്പോസ്റ്റും ചേർന്ന മിശ്രിതവും ഉപയോഗിക്കുന്നത് പാവൽ നന്നായി വളരുന്നതിനും വിളവ് വർധിക്കുന്നതിനും സഹായിക്കുന്നു.
പച്ചക്കറി മാർക്കറ്റിൽ നിന്ന് നിങ്ങൾ മേടിക്കുന്ന മൂപ്പേറിയ പാവയ്ക്കയിൽ നിന്നുള്ള വിത്തുകൾ നിങ്ങൾക്ക് കൃഷിയ്ക്കായി ഉപയോഗിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് മുമ്പത്തെ വിളയിൽ നിന്നുള്ള വിത്തുകൾ ഉപയോഗിക്കാം. ഇനി അതുമല്ലെങ്കിൽ പ്രാദേശിക നഴ്സറിയിൽ നിന്ന് വിത്തുകൾ വാങ്ങാം. (നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിലോ അല്ലെങ്കിൽ ടിഷ്യുവിലോ പൊതിഞ്ഞ് വെക്കുന്നത് പെട്ടെന്ന് മുള പൊട്ടുന്നതിന് സഹായിക്കുന്നു). എല്ലുപൊടിയും ചാണകപ്പൊടിയും ഇട്ട് മണ്ണ് നല്ലത് പോലെ ഇളക്കി തയ്യാറാക്കി വെച്ചിരിക്കുന്ന മണ്ണിലേക്ക് അര ഇഞ്ച് ആഴത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കി വിത്തുകൾ അവയിൽ ഇടുക. രണ്ട് ദ്വാരങ്ങൾക്കിടയിൽ നിങ്ങൾക്ക് ഏകദേശം 12 ഇഞ്ച് ഇടം നൽകാം. കുഴികൾ മണ്ണിട്ട് മൂടി മുകളിൽ കുറച്ച് വെള്ളം തളിക്കുക. ഒരു കലത്തിൽ കുറഞ്ഞത് 2,3 വിത്തുകളെങ്കിലും വിതയ്ക്കുക. വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിലായി വേപ്പെണ്ണ- ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്ത് കൊടുക്കുക. ഇത് പച്ചത്തുള്ളൻ, മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടിയെ സംരക്ഷിക്കുന്നു. വിതച്ച് 2-3 ദിവസത്തിനുള്ളിൽ വിത്തുകൾ മുളച്ച് തുടങ്ങും, 5-6 ആഴ്ചകൾക്കുള്ളിൽ പൂക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. നട്ട് 3 മാസത്തിനുള്ളിൽ പാവയ്ക്ക പറിക്കാൻ പാകമാകും.