കൊട്ടാരക്കര : കൊട്ടാരക്കര കംഫര്‍ട്ട് സ്റ്റേഷനില്‍ വില്‍പ്പനക്കായി പച്ചക്കറി സാധനങ്ങള്‍ സൂക്ഷിച്ചത് നാട്ടുകാര്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ എത്തിയ നാട്ടുകാര്‍ക്ക് അകത്ത് കടക്കാന്‍ കഴിഞ്ഞില്ല. സവാളകള്‍ നിറഞ്ഞ ചാക്കുകളും പച്ചക്കറികളും കൊണ്ട് കംഫര്‍ട്ട് സ്റ്റേഷനുള്ളില്‍ കടക്കാന്‍ പറ്റാത്ത അവസ്ഥയായി.
ഓണവിപണി ലക്ഷ്യമിട്ട് കൊട്ടാരക്കയിലെ ചന്തയില്‍ എത്തിച്ചതായിരുന്നു പച്ചക്കറികള്‍. സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ വന്നതോടെയാണ് കംഫര്‍ട്ട് സ്റ്റേഷനില്‍ പച്ചക്കറിസൂക്ഷിച്ചത്. പുതിയ ചന്തയുടെ ടെന്‍ഡര്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ പൂര്‍ത്തിയായെങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല. മന്ത്രിയും സ്ഥലം എം.എല്‍.എയുമായ കെ.എന്‍. ബാലഗോപാല്‍ രണ്ട് മാസം മുമ്പ് ചന്ത സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല.