പാലക്കാട് : പാലക്കാട് കൂറ്റനാട്ടിൽ അപകടകരമായ രീതിയിൽ സ്‌കൂട്ടറിനെ ഓവർടേക്ക് ചെയ്ത ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസിനെ പിന്തുടർന്ന് യുവതി തടഞ്ഞുനിർത്തിയതിനെ തുടർന്ന് വാർത്തയായ സംഭവത്തിലാണ് നടപടി. ഡ്രൈവർ നിർബന്ധിത പരിശീലനത്തിനെത്തണമെന്നും പരിശീലനം കഴിയുന്നത് വരെ ദീർഘദൂര സർവീസിൽ നിന്ന് മാറി നിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സാന്ദ്രയെ ബസ് ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് ഒന്നര കി.മീറ്ററോളം പിന്തുടർന്നാണ് യുവതി ബസിന്റെ മുന്നിൽനിന്ന് തടഞ്ഞത്. ഡ്രൈവറെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുകയും ചെയ്തു.