വൈക്കം: ജാതി വിവേചനത്തിൽ നിന്നുയർന്ന അവർണന്റെ ആത്മാഭിമാനമാണ് വൈക്കം സത്യഗ്രഹത്തിന് വഴിതെളിച്ചതെന്നും അവർണന്റെ യഥാർത്ഥ ക്ഷേത്രപ്രവേശനം ഇനിയും നടക്കേണ്ടിയിരിക്കുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വെച്ചൂർ അച്ചിനകത്ത് വൈക്കം യൂണിയന്റെ സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വൈക്കം ക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയിൽ ശ്രീനാരായണഗുരുദേവനെ ഒരിക്കൽ അയിത്തത്തിന്റെ പേരിൽ സവർണർ തടഞ്ഞു. ഗുരുദേവ ശിഷ്യനും എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയുമായിരുന്ന ടി.കെ. മാധവന് അത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. ഗുരുവിന്റെ വഴി തടഞ്ഞ ജാതിവിവേചനമാണ് ടി.കെ. മാധവനെ വൈക്കം സത്യഗ്രഹത്തിന്റെ സംഘാടനത്തിലേക്ക് നയിച്ചത്.
ടി.കെ. മാധവനും ഗാന്ധിജിയുമായുണ്ടായിരുന്ന ആത്മബന്ധം ദേശീയ നേതാക്കളെയും രാജ്യത്തെ പുരോഗമന ആശയക്കാരെയുമെല്ലാം വൈക്കം സത്യഗ്രഹത്തിന്റെ മുൻനിരയിലെത്തിച്ചു. ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹാശിസുകളും കരുതലുമാണ് ടി.കെ. മാധവനും വൈക്കം സത്യഗ്രഹത്തിനും കരുത്ത് പകർന്നത്. പക്ഷേ, ചരിത്രത്തെ വളച്ചൊടിക്കാനും വികലമാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വൈക്കം സത്യഗ്രഹം നടന്ന് നൂറ്റാണ്ട് പിന്നിടുമ്പോഴും ജാതിവിവേചനം മാറിയിട്ടില്ല. പിന്നാക്കക്കാരന് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അവകാശം നൽകി സർക്കാർ ഉത്തരവിറക്കി. പക്ഷേ, ആ ഉത്തരവ് നടപ്പായോ. പ്രധാന ക്ഷേത്രങ്ങളിലൊന്നും അവർണശാന്തിയെ ഇപ്പോഴും ശ്രീകോവിലിൽ കയറ്റില്ല. ശാന്തിക്കാരന്റെ ശമ്പളം കിട്ടും. പക്ഷേ, ഊട്ടുപുരയിലാണ് പണി- വെള്ളാപ്പള്ളി പറഞ്ഞു.