നെടുങ്കണ്ടം : എസ്.എൻ.ഡി.പി.യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലും ചൂലുമല്ലെന്നും ആരോടും വിധേയത്വവും വിദ്വേഷവും ഇല്ലെന്നും എസ്.എൻ.ഡി.യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ കാലത്തും കോൺഗ്രസ് ഈഴവനോട് വിവേചനം മാത്രമാണ് കാട്ടിയിട്ടുള്ളത്. കോൺഗ്രസിന്റെ അന്തകനായ മുൻ കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞിട്ടാണ് വർഗീയത പ്രചരിപ്പിക്കുന്നു എന്ന പേരിൽ എന്നെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തുറുങ്കിൽ അടയ്ക്കാൻ ശ്രമിച്ചത്. ഒരു കരയോഗം പ്രസിഡന്റിന് ചെന്നിത്തല കൊടുക്കുന്ന പരിഗണനപോലും എസ്.എൻ.ഡി.പി.യോഗം ജന.സെക്രട്ടറിയായ തനിക്ക് തന്നിട്ടില്ല.
ഈഴവൻ സമൂഹിക നീതിക്കായി ജാതി പറയുമ്പോൾ അതിനെ വർഗീയതയായും മറ്റുള്ളവർ ജാതി മാത്രം പറഞ്ഞ് സംഘടിച്ച് രാഷ്ട്രീയ അധികാരം ഉറപ്പിക്കുമ്പോൾ അതിനെ നീതിയുമായി കാണുന്ന സമീപനം ശരിയല്ല. ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം ആനുകൂല്യം മതിയെന്നും മലപ്പുറം മാത്രം വളർന്നാൽ മതിയെന്നുമുള്ള ചിലരുടെ കാഴ്ചപ്പാട് ഈഴവൻ തിരുത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം.മണി ജനകീയനായ നേതാവാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടും പ്രവൃത്തിയും കണ്ട് മനസ്സിലാക്കിയപ്പോൾ മണിയാശാൻ ഒരു വലിയ ആശാനാണെന്ന് ബോധ്യപ്പെട്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.