ആലപ്പുഴ: എസ് എന്‍ ഡി പിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി നടേശന്‍ ഒഴിയുമെന്ന് സൂചന. മകന്‍ തുഷാര്‍ വെള്ളപ്പാള്ളിയെ ഈ സ്ഥാനത്ത് എത്തിക്കാനാണ് നീക്കം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മാര്‍ച്ച് 23 ന് എസ് എന്‍ ഡി പി യോഗത്തിന്റെ പൊതുയോഗത്തില്‍ വെച്ച് തുഷാര്‍ വെള്ളപ്പള്ളി സ്ഥാനമെറ്റെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ടും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് കൊണ്ടുവരികയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. മകനെ മന്ത്രിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയത്. എന്നാല്‍ ഈ രാഷ്ട്രീയ ഇടപെടല്‍ ഫലം കണ്ടില്ല. മോദി മന്ത്രിസഭയില്‍ തുഷാറിന് കേന്ദ്ര മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായത്. എന്നാല്‍ തുഷാറിനെ എംപി പോലുമാക്കിയില്ല. കേരളത്തില്‍ ബിജെപിക്ക് ഭരണം കിട്ടില്ല. ഈ സാഹചര്യത്തില്‍ ബിഡിജെഎസിന് വലത്-ഇടതു മുന്നണികളില്‍ എത്തിക്കാനും ശ്രമിച്ചു. ഇതും നടന്നില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ തുഷാര്‍ മത്സരിച്ചു. എന്നാല്‍ തീര്‍ത്തും നിരാശയായിരുന്നു ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തുഷാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഡിജെഎസിനൊപ്പമുണ്ടായിരുന്ന മറ്റ് സമൂദായ നേതാക്കളെല്ലാം പാര്‍ട്ടി വിട്ടു. നിലവില്‍ പ്രമുഖര്‍ ആരും ഇല്ല. ഈ സാഹചര്യമെല്ലാം തുഷാറിന്റെ രാഷ്ട്രീയ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് തുഷാറിനെ എസ് എന്‍ ഡി പി ഏല്‍പ്പിക്കാനുള്ള നീക്കം. വെള്ളാപ്പള്ളി നടേശന്‍ സ്ഥാനമൊഴിയുന്നതോടെ സംഘടനയുടെ നിര്‍ണായക തീരുമാനങ്ങളില്‍ തുഷാറിന് മേല്‍ കൈ ലഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹായങ്ങളും മറ്റു സ്ഥാനമാനങ്ങളും എസ്‌എന്‍ഡിപിക്ക് ഇതുമൂലം ലഭിക്കുമെന്നുള്ള ഉറപ്പ് കേന്ദ്ര ബിജെപി നേതൃത്വത്തില്‍ നിന്ന് വെള്ളാപ്പള്ളിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മാര്‍ച്ച് 23 ന് എസ് എന്‍ ഡി പി യോഗത്തിന്റെ പൊതുയോഗത്തില്‍ വച്ച് തുഷാര്‍ വെള്ളപ്പള്ളി സ്ഥാനമെറ്റെടുക്കും. വരും ദിവസങ്ങളില്‍ നടേശന്‍ സ്ഥാനമൊഴിയുന്നതിന്റെ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് വിവരം. എസ് എന്‍ ഡി പിയില്‍ വെള്ളാപ്പള്ളിക്ക് മൃഗീയ ഭൂരിപക്ഷ പിന്തുണയുണ്ട്. ഇത് മുതല്‍ക്കൂട്ടാക്കി മകനെ ജനറല്‍ സെക്രട്ടറിയാക്കാനാണ് നീക്കം.
മദ്യം വില്‍ക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ഉണ്ടാക്കുകയോ ചെയ്യരുതെന്ന് ഉപദേശിച്ച ശ്രീനാരായണഗുരുവിന്റെ പേരിലുള്ള എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃസ്ഥാനത്ത് ഒരു ബാര്‍ മുതലാളിയായിരുന്ന വെള്ളാപ്പള്ളി നടേശന്‍ എത്തിയത് അക്കാലത്ത് ചര്‍ച്ചയായിരുന്നു. ദക്ഷിണേന്ത്യയിലെ തന്നെ മികച്ച പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ ആയിരുന്നു വെള്ളാപ്പള്ളി നടേശന്‍. 1996 ല്‍ സ്വാമി ശാശ്വതികാനന്ദ പിന്തുണച്ചിരുന്ന പാനലില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചാണ് വിജയിക്കുന്നത്. പിന്നീടുള്ള കാല്‍നൂറ്റാണ്ട് എസ്‌എന്‍ഡിപി യോഗത്തിന്റെ ചരിത്രം വെള്ളാപ്പള്ളി നടേശന്റെ ചരിത്രം കൂടിയാണ് , അതില്‍ ബിഡിജെഎസ് എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയവും വിവാദങ്ങളുമെല്ലാം ഉണ്ട്.