ആലപ്പുഴ : കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദത്തിൽ നിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇപ്പോൾ ഇങ്ങനെ തീരുമാനമെടുക്കുമോയെന്ന് ചോദിച്ച അദ്ദേഹം, സുധാകരനെ വെട്ടിനിരത്താൻ തെക്കൻ ജില്ലക്കാരായ കോൺഗ്രസ് നേതാക്കൾ ഒന്നിച്ചുവെന്നും കുറ്റപ്പെടുത്തി. ‘സഭയ്ക്ക് വഴങ്ങി ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റ് ആക്കും എന്നാണ് കേൾക്കുന്നത്. അങ്ങനെ എങ്കിൽ മൂന്നാമത്തെ കേരള കോൺഗ്രസ് ആകും സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി. ആരാണ് ആന്റോ ആന്റണി? ഇപ്പോൾ നടക്കുന്നത് ഓപ്പറേഷൻ സുധാകരൻ. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ സുധാകരനെ മാറ്റുന്നത് എന്തിനാണ്? ആന്റണിയുടെ മകനാണ് ആൻ്റോ ആൻ്റണിയുടെ ഐശ്വര്യം. ആന്റോ ജയിച്ചത് ആന്റണിയുടെ മകൻ മത്സരിച്ചത് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ട് നിലയിൽ പൊട്ടുമായിരുന്നു.’
‘സുധാകരനെ വെട്ടി നിരത്താൻ തെക്കൻ ജില്ലക്കാരായ നേതാക്കൾ കോൺഗ്രസിൽ ഒന്നിച്ചു. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇപ്പോൾ കെ സുധാകരനെ മാറ്റുമോ? കോൺഗ്രസിൽ ഒരു യുദ്ധത്തിനു വഴിയുണ്ടാക്കുമോ? കെ സുധാകരനെ മാറ്റരുത്. കെ മുരളീധരൻ മിടുക്കനായ നേതാവെന്ന് തെളിയിച്ചതാണ്. എന്താ മുരളീധരനെ കെപിസിസി പ്രസിഡൻ്റാക്കാത്തത്? സുധാകരനെ മാറ്റുന്നവരെ കൊണ്ടുപോകേണ്ടത് ഊളമ്പാറയ്ക്കാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളവർക്ക് കണ്ടകശനിയാണ്. സുധാകരനിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ബൊമ്മകളെയാണ് കോൺഗ്രസ് നേതൃത്വത്തിന് ആവശ്യം, കഴിവുള്ളവനെ വേണ്ട.’ വിനാശകാലേ വിപരീത ബുദ്ധിയെന്നും കോൺഗ്രസ് നീക്കത്തെ വെള്ളാപ്പള്ളി വിമർശിച്ചു.