ചേര്‍ത്തല : സുധാകരന്‍റെ വരവോടെ 16 ഗ്രൂപ്പായി മാറിയ കോണ്‍ഗ്രസ് സര്‍വനാശത്തിലേക്കെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനും സര്‍ക്കാരിനും ശുക്രദശയാണെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്ല. ഓരോരുത്തരും ഗ്രൂപ്പുണ്ടാക്കുന്ന സ്ഥിതിയാണിപ്പോള്‍. കേന്ദ്രത്തിലിരുന്ന് കെ.സി വേണുഗോപാലും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നു. കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും കോണ്‍ഗ്രസിന്‍റെ പ്രസക്തിയില്ലാതായി. നേതൃത്വത്തിന്‍റെ തകരാറാണ് ഇതിന് കാരണം.
100 ദിവസം പിന്നിട്ട പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മികച്ചതാണ്. ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കോവിഡ് ലോകമാകെ പ്രതിസന്ധി ഉണ്ടാക്കുമ്പോള്‍ ഇന്ത്യയിലും കേരളത്തിലും പ്രയാസങ്ങളുണ്ട്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. മഞ്ഞപ്പിത്തമുള്ളവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.