തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ സഹപാഠിയെ പൊള്ളലേല്‍പ്പിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിഎസ്സി അഗ്രിക്കള്‍ച്ചര്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ ദീപികയ്ക്കാണ് സഹവിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ മുതുകിലും കൈയിലും പൊള്ളലേറ്റത്. ഇരുവരും ആന്ധ്രസ്വദേശിനികളാണ്. വിദ്യാര്‍ത്ഥിനിക്കേറ്റത് അതിക്രൂര മര്‍ദ്ദനമെന്ന് വ്യക്തമാക്കി എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. കസേരയില്‍ ഷാള്‍ കൊണ്ട് കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാന്‍ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാല്‍ കറിവീണ് ശരീര ഭാഗങ്ങള്‍ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവില്‍ പ്രതി ലോഹിത മുളകുപൊടി വിതറിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാന്‍ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതോടെയാണ് അക്രമം തുടങ്ങിയത്. പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക് പൊട് വാരിയിട്ട ശേഷം വീണ്ടും മര്‍ദ്ദിച്ചു. കെട്ടഴിച്ച് വിട്ടതോടെ ഉപദ്രവിക്കരുതെന്ന് കാലില്‍ വീണ് അപേക്ഷിച്ചതോടെ മുഖത്ത് അടിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആര്‍ വിശദമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി ഡീന്‍ ഡോ. റോയി സ്റ്റീഫന്‍ വ്യക്തമാക്കി. ദീപികയെ ഉപദ്രവിച്ച ലോഹിത അവരുടെ മുറിയിലുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി ജിന്‍സി, ആന്ധ്രസ്വദേശിയായ ഇവരുടെ സഹപാഠി നിഖില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.