സ്വീഡൻ: മൃഗശാലയിൽ നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാല പുറത്തു ചാടിയ വാർത്തകൾക്കു പിന്നാലെ രാജവെമ്പാലയെ പിടികൂടാനുള്ള ദൗത്യവുമായി സ്വീഡനിലേക്ക് വാവ സുരേഷ് പറക്കുമെന്നുള്ള സൂചനകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വാവസുരേഷിനോട് സ്വീഡനിലേക്ക് ചെല്ലേണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സ്വീഡിഷ് അധികൃതർ. സ്വീഡനിലെ മൃഗശാലയിൽ നിന്നും പുറത്തു ചാടിയ ഉഗ്രവിഷമുള്ള രാജവെമ്പാല തിരികെ എത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഹൗഡിനി എന്ന് പേരുള്ള ഏഴടി നീളമുള്ള രാജവെമ്പാലയാണ് തിരികെ എത്തിയത്. കാണാതായിട്ട് ഒരാഴ്‌ച പിന്നിടുമ്പോഴാണ് ഹൗഡിനി തിരികെ എത്തുന്നത്. കേരളത്തിൽ നിന്ന് വാവാ സുരേഷിനെ എത്തിച്ച് പാമ്പിനെ പിടികൂടാമെന്ന തീരുമാനത്തിലായിരുന്നു അധികൃതർ. ഇതിനായി വാവസുരേഷുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വാവസുരേഷിനെ കൊണ്ടുപോകുവാൻ പ്രത്യേക വിമാനം തയ്യാറാക്കുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. അതിനിടയിലാണ് ഹൗഡിനി തിരിച്ചെത്തിയത്.
ഉപകരണങ്ങളില്ലാതെ വെറും കെെ ഉപയോഗിച്ച് പാമ്പിനെ പിടിക്കുന്ന വാവ സുരേഷിൻ്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടശേഷമാണ് സ്വീഡിഷ് പ്രതിനിധി അദ്ദേഹവുമായി ബന്ധപ്പെട്ടത്. വാവ സുരേഷ് കേരളീയനായതിനാൽ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി അദ്ദേഹത്തിൻ്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനോട് സംസാരിക്കുകയായിരുന്നു. അതുവഴി വാവസുരേഷിൻ്റെ ഫോൺ നമ്പർ എടുത്താണ് വാവസുരേഷുമായി ബന്ധപ്പെടുന്നത്. ഏതു നിമിഷവും സ്വീഡനിലേക്ക് പറക്കേണ്ടി വരുമെന്നും തയ്യാറായി ഇരുന്നുകൊള്ളാനും നിർദ്ദേശം നൽകിക്കൊണ്ടുള്ള കോളായിരുന്നു സ്വീഡനിൽ നിന്നും വാവസുരേഷിനെ തേടിയെത്തിയത്.