തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. നെടുമങ്ങാട് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നെടുമങ്ങാട് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പത് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കൊലപാത കേസിലെ കുറ്റപത്രമാണ് നല്‍കിയതെന്നും ഗൂഢാലോചനാ കേസില്‍ അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യവും വെല്ലുവിളികളും കൊലാപാതകത്തിന് കാരണമായതായി കുറ്റപത്രത്തില്‍ പറയുന്നു.
ഉത്രാട ദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്‌ഐ നേതാക്കളായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. ഇരുവരുടേയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവത്തകരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.