തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മദപുരം ഉണ്ണിയാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. ഇയാള്‍ മുഖ്യപ്രതിയാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് സംശയിക്കുന്നയാളാണ് മദപുരം ഉണ്ണി. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഇയാള്‍ സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മദപുരത്തെ ഒരു മലയുടെ മുകളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു.
സംഭവത്തിന്റെ ഗൂഢാലോചനയിലടക്കം ഉണ്ണിക്ക് പങ്കുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. പ്രതികള്‍ക്ക് രക്ഷപെടാന്‍ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ ചൊവ്വാഴ്‍ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഷജിത്ത്, അജിത്ത്, നജീബ്, സതിമോന്‍ എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു.