പത്തനംതിട്ട: മുക്കൂട്ടുതറ വെൺകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാന്‍ തയ്യാറാകാത്ത വെച്ചൂച്ചിറ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ ക്കെതിരെ ഷോകോസ് നോട്ടീസ് നല്‍കി കോടതി. വെച്ചൂച്ചിറ പഞ്ചായത്തിലെ മണ്ണടിശാല നിർമ്മല ഭവനിൽ മുരളീധരൻ നായർ കമ്മീഷനിൽ നല്‍കിയ കേസിന്റെ വിധി നടത്തിപ്പു ഹർജിയിലാണ് പ്രതികളെ കമ്മീഷനിൽ അറസ്റ്റ് ചെയ്ത‌് ഹാജരാക്കാൻ വെച്ചൂച്ചിറ പോലീസിന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദ്ദേശം കൊടുത്തത്. എന്നാല്‍ കേസില്‍ അറസ്റ്റ് ചെയ്തു ഇന്ന് പ്രതികളെ ഹജരാക്കേണ്ട എസ്.എച്ച്.ഓ അതിന് ശ്രമിക്കാഞ്ഞതാണ് ഷോകോസ് നോട്ടീസ് നല്‍കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
മുരളീധരൻ നായർ കമ്മീഷനിൽ നേരത്തെ ഫയൽ ചെയ്‌ത കേസ്സിൽ ബാങ്കിൽ നിഷേപിച്ചിരുന്ന 3 ലക്ഷം രൂപയും പലിശയും ഒരു മാസത്തിനകം കൊടുക്കാൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. കമ്മീഷന്റെ ഉത്തരവിൻ പ്രകാരം ഒരു ലക്ഷം രൂപാ ബാങ്ക് മുരളീധരൻ നായർക്ക് കൊടുത്തിരുന്നു. എന്നാൽ ബാക്കി വരുന്ന 2.5 ലക്ഷം രൂപാ നാളിതുവരെ കൊടുക്കാതിരുന്നതിനാണ് മുരളീധരൻ നായർ വിധി നടത്തിപ്പു ഹർജി കമ്മീഷനിൽ ഫയൽ ചെയ്തത്. പ്രതികൾക്കു വേണ്ടി അഭിഭാഷകൻ കമ്മീഷനിൽ ഹാജരായെങ്കിലും കമ്മീഷന്റെ നെരത്തെയുളള ഉത്തരവ് നടപ്പിലാക്കേണ്ട കടമ കമ്മീഷനുണ്ടെന്നു നിരീക്ഷിച്ച പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും മെമ്പർ നിഷാദ് തങ്കപ്പനും പ്രതികളെ അറസ്റ്റു ചെയ്യാൻ ഉത്തരവിടുകയാണ് ചെയ്തത്. കോടതിയെ സഹായിക്കേണ്ട പോലീസ് ഇതിന് തയ്യാറാകാതെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വാക്കാല്‍ കോടതി നിരീക്ഷിച്ചു.