പത്തനംതിട്ട : കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് നിർമ്മാണം മുടങ്ങിയ വെൺകുറിഞ്ഞി – മാറിടംകവല – മടത്തുംപടി റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച ഈ റോഡിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം കരാറുകാരന്റെ അനാസ്ഥ മാത്രമായിരുന്നെന്ന് ഉറപ്പിച്ച് പറയുവാൻ കഴിയും. കേന്ദ്രാവിഷ്കൃത പദ്ധതിയായ പി. എം. ജി. എസ്. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 4.3 കോടി രൂപ അനുവദിച്ചാണ് ഈ പ്രവർത്തിയുടെ നിർമ്മാണം 2022 ൽ ആരംഭിച്ചത്. പദ്ധതി ഏറ്റെടുത്ത കരാറുകാരൻ ഈ പ്രവർത്തിയുടെ 30% നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് ചെയ്തത്.
ജില്ലാതലത്തിൽ പിഎംജിഎസ് വൈ ഉദ്യോഗസ്ഥരെയും മറ്റും വിളിച്ചുചേർത്ത ജില്ലാ കളക്ടർ ഉൾപ്പെട്ട പി എം സി യോഗത്തിൽ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും പ്രവൃത്തി ആരംഭിക്കാൻ കരാറുകാരൻ കൂട്ടാക്കിയില്ല. അതിനെ തുടർന്ന് തന്റെ നിർദ്ദേശപ്രകാരം ഈ കരാറുകാരനെ ഒഴിവാക്കി പ്രവൃത്തി ടെണ്ടർ ചെയ്യുവാൻ തീരുമാനമെടുക്കുകയായിരുന്നു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഈറോഡ് നടപ്പിലാക്കുന്ന കാര്യത്തിൽ വളരെ നല്ല സമീപനമാണ് സ്വീകരിച്ചിരുന്നത്. കരാറുകാരന്റെ അനാസ്ഥ മൂലം ഇന്ന് ഒരു പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ഈ റോഡിന്റെ ടെണ്ടർ നടപടികൾ ഇപ്പോൾ പൂർത്തീകരിച്ചി രിക്കുകയാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.