ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി വള്ളസദ്യയിലും പങ്കാളിയായി ആചാരം പാലിക്കാനുമായി വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി. തുടർച്ചയായി പെയ്യുന്ന മഴയിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതുമൂലം ഏഴ് പാലങ്ങൾ കടന്നുവരുന്ന ഈ പള്ളിയോടത്തിന്റെ വരവിന് നദിയിലെ ജലനിരപ്പ് തടസ്സം സൃഷ്ടിക്കുമെന്നതും ചില വർഷങ്ങളിൽ അമരം താഴ്ത്തി പാലങ്ങൾ കടന്നുവരേണ്ട സാഹചര്യമുണ്ടായതിനാൽ ഈ ആശങ്ക കരനാഥൻമാർ പങ്കുവെച്ചതിനെ തുടർന്നാണ് പള്ളിയോടം വള്ളസദ്യ വഴിപാടുകൾക്ക് തുടക്കും കുറിക്കുന്നതിന് ഒൻപതുനാൾ മുമ്പേ ക്ഷേത്രക്കടവിലെത്തിയത്.
ആറന്മുള സത്രക്കടവിലോ മേലേത്തുകടവിനു സമീപത്തോ കെട്ടിയിടുന്ന പള്ളിയോടം ഈ വർഷത്തെ ഉത്രട്ടാതി ജലമേളയ്ക്കും അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടിലും പങ്കെടുത്തശേഷമേ കരയിലേക്ക് മടങ്ങിപ്പോകുകയുള്ളൂ. വെള്ളിയാഴ്ച വൈകിട്ട് ആറന്മുള ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തിനെ സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ഡോ.ജി.സുരേഷ്ബാബു, കെ.സഞ്ജീവ്കുമാർ, രവി ആർ. നായർ, ജി. കൃഷ്ണകുമാർ, മനീഷ് ഇടശേരിമല എന്നിവർ ചേർന്ന് വെറ്റില, പുകയില നൽകി ആചാരപരമായി സ്വീകരിച്ചു.