ത്രിപുര : ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 60 അംഗ നിയമസഭയിലേക്ക് സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ഗിറ്റെ കിരണ്‍കുമാര്‍ ഡിങ്കരോ പറഞ്ഞു. സംസ്ഥാനത്തെ 3,337 പോളിംഗ് സ്റ്റേഷനുകളില്‍ രാവിലെ 7 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 വരെ നീളും. ഇതില്‍ 1,100 എണ്ണം സെന്‍സിറ്റീവും 28 എണ്ണം ഹൈപ്പര്‍സെന്‍സിറ്റീവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഐപിഎഫ്ടിയുമായി സഖ്യത്തിലാണ് ബിജെപി ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസാണ് സിപിഐഎമ്മിന്‍റെ സഖ്യകക്ഷി. ഇതിനുപുറമെ മുന്‍ രാജകുടുംബത്തിലെ പിന്‍ഗാമിയായ പ്രദ്യോത് ബിക്രമിന്‍റെ പാര്‍ട്ടിയായ ടിപ്ര മോത്തയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയായ ടിഎംസിയും ചില സീറ്റുകളില്‍ മത്സരത്തിനുണ്ട്. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിലേക്ക് ആകെ 259 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. വോട്ടുകള്‍ മാര്‍ച്ച് രണ്ടിന് എണ്ണും.
സ്ഥാനാര്‍ഥികള്‍ ഏറെ
തിരഞ്ഞെടുപ്പില്‍ ഐപിഎഫ്ടിയുമായി ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. ബിജെപി 55 സീറ്റുകളിലും സഖ്യകക്ഷിയായ ഐപിഎഫ്ടി 5 സീറ്റിലുമാണ് മത്സരിക്കുന്നത്. ഇവ കൂടാതെ കോണ്‍ഗ്രസ്-ഇടതുപക്ഷത്തെ സീറ്റ് ധാരണ പ്രകാരം ഇടതുമുന്നണി 43 സീറ്റുകളിലും കോണ്‍ഗ്രസ് 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിട്ടുണ്ട്. ഇവരെ കൂടാതെ പ്രദ്യോത് ബിക്രമിന്‍റെ പുതിയ പാര്‍ട്ടിയായ ടിപ്ര മോത സംസ്ഥാനത്തെ 60ല്‍ 42 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ടിഎംസി സംസ്ഥാനത്ത് 28 സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. ഇത് കൂടാതെ 58 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ചില സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. 20 വനിതകളാണ് മത്സര രംഗത്തുള്ളത്.
കര്‍ശന സുരക്ഷാ സംവിധാനം
31,000 പോളിംഗ് ഉദ്യോഗസ്ഥരെയും 25,000 കേന്ദ്രസേനാ ഉദ്യോഗസ്ഥരെയും സ്വതന്ത്രവും നീതിപൂര്‍വവും സമാധാനപരവുമായ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ക്രമസമാധാനപാലനത്തിനായി സംസ്ഥാന സായുധ പോലീസിന്റെയും സംസ്ഥാന പോലീസിന്റെയും 31,000 ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 17 രാവിലെ 6 വരെ പ്രാബല്യത്തില്‍ തുടരുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.അക്രമികള്‍ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാന്‍ രാജ്യാന്തര, അന്തര്‍സംസ്ഥാന അതിര്‍ത്തികളും അടച്ചിട്ടുണ്ട്. 13.53 ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ 28.13 ലക്ഷം വോട്ടര്‍മാരാണ് ഈ തിരഞ്ഞെടുപ്പില്‍ 259 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക.
എല്ലാ കണ്ണുകളും ഈ സ്ഥാനാര്‍ത്ഥികളിലേക്ക്
മുഖ്യമന്ത്രി മണിക് സാഹ ടൗണ്‍ ബര്‍ദോവലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്പൂരില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു.ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖമുദ്രയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്‌റൂം നിയമസഭാ സീറ്റില്‍ മത്സരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ മുന്‍ രാജകുടുംബത്തിന്റെ പിന്‍ഗാമിയും ടിപ്ര മോതയുടെ സ്ഥാപകനുമായ പ്രദ്യോത് ദേബ്ബര്‍മ മത്സരരംഗത്തില്ല.
ഈ വിഷയങ്ങളിലാണ് പ്രചാരണം
ഈ തിരഞ്ഞെടുപ്പുകള്‍ക്കായുള്ള പ്രചാരണ വേളയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്‍റെ വികസനം ബി.ജെ.പി ഉയര്‍ത്തിക്കാട്ടി. അതേസമയം ഇടതുമുന്നണിയും കോണ്‍ഗ്രസും ബി.ജെ.പി-ഐ.പി.എഫ്.ടി സര്‍ക്കാരിന്‍റെ ‘ദുര്‍ഭരണത്തിന്’ ഊന്നല്‍ നല്‍കി.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.