തിരുവനന്തപുരം: കിടപ്പ് രോഗിയായിരുന്ന സഹോദരനെ കൊലപ്പെടുത്തിയ വെറ്ററിനറി ഡോക്ടർക്ക് ജീവപര്യന്തം തടവ് ശിക്ഷ. വർക്കല സ്വദേശി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സർക്കാർ വെറ്ററിനറി ഡോക്ടറായ ജ്യേഷ്‌ഠൻ സന്തോഷിനെയാണ് (47) തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഏഴ് ജഡ്‌ജി പ്രസൂൺ മോഹൻ ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതി 75,000 രൂപ പിഴയും അടയ്ക്കണം. 2022 സെപ്റ്റംബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. റെയിൽവേ ജീവനക്കാരനായിരിക്കെ സെറിബ്രൽ പാൾസി രോഗം ബാധിച്ചതിനെ തുടർന്ന് കിടപ്പിലായ സന്ദീപിന്‍റെ ചികിത്സയ്ക്കായി കുടുംബ സ്വത്തിൽനിന്ന് പണം ചെലവഴിച്ചിരുന്നു. ഇതിന്‍റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സന്തോഷും അമ്മയും താമസിച്ചിരുന്ന വീടിന്‍റെ ഔട്ട് ഹൗസിലാണ് സന്ദീപ് കിടന്നിരുന്നത്. ചികിത്സയ്‌ക്ക് തുക ചെലവഴിക്കുന്നതിനെ ചൊല്ലി അമ്മയുമായി തർക്കത്തിലേർപ്പെട്ട പ്രതി അമ്മ ഉറങ്ങിയശേഷം സന്ദീപിനെ കുത്തിക്കൊല്ലുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ജോലിക്കാരനെ ദേഹോപദ്രവമേൽപ്പിച്ച് പുറത്താക്കിയ ശേഷമാണ് കൈയിൽ കരുതിയിരുന്ന കത്തി സന്ദീപിന്‍റെ നെഞ്ചിൽ കുത്തിയിറക്കിയത്. വർക്കല സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എസ് സനോജ്, സബ് ഇൻസ്പെക്ടർ രാഹുൽ, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രധാന സാക്ഷിയായ അമ്മ വിചാരണയ്‌ക്കിടെ കൂറുമാറിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ കെ വേണി കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.