പത്തനംതിട്ട : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലും പത്തനംതിട്ട ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്കായി 24 മണിക്കൂറും മുടക്കമില്ലാതെ അടിയന്തര മൃഗചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട് ജില്ലയിലെ മൃഗസംരക്ഷണവകുപ്പ്.
മൂന്നൂറോളം കര്‍ഷകര്‍ക്ക് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് 19 കണ്‍ട്രോള്‍ റൂമിലൂടെ ടെലി വെറ്ററിനറി ചികിത്സാ സൗകര്യം അടക്കമുള്ള അടിയന്തര സഹായം വകുപ്പ് ഉറപ്പുവരുത്തുന്നുണ്ട്. ദിനംപ്രതി 10-ല്‍ അധികം കര്‍ഷകര്‍ക്കാണ് ഇതിന്റെ സേവനം ലഭ്യമാകുന്നത്. ഇതുകൂടാതെ ജില്ലയിലെ എട്ടു ബ്ലോക്കുകളിലും രാത്രികാല വെറ്ററിനറി സര്‍ജന്റെ സേവനവും ലഭ്യമാണ്.
തിരുവല്ല, അടൂര്‍ എന്നീ രണ്ട് വെറ്ററിനറി പോളിക്‌ളിനിക്കുകള്‍ വഴി 24 മണിക്കൂറും കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സൗകര്യം എത്തി. ജില്ലയില്‍ കോവിഡ് ബാധ സ്ഥരീകരിച്ച ക്ഷീരകര്‍ഷകരുടെ കറവ പശുക്കള്‍ക്ക് ഒരു പശുവിന് 100 കി.ഗ്രാം കാലിത്തീറ്റവീതം സൗജന്യമായി നല്‍കുന്നതിനുള്ള നടപടികള്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചു. ഇത്തരത്തില്‍ 517 കര്‍ഷകരുടെ 1239 പശുക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.
കോവിഡ് ബാധിച്ച കര്‍ഷകരുടെ വീടുകളില്‍ പി.പി.ഇ.കിറ്റ് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നതെന്നും മൃഗപരിപാലനത്തിന് പ്രയാസം നേരിടുന്ന കോവിഡ് ബാധിതരായ കര്‍ഷകരുടെ മൃഗങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെയും ക്ഷീരസംഘങ്ങളുടെയും സഹകരണത്തോടെ വേണ്ട നടപടികള്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ. ജ്യോതിഷ് ബാബു പറഞ്ഞു.
കോവിഡ് കാല പ്രതിസന്ധിക്കിടെ ജില്ലയിലെ ചില ഭാഗങ്ങളില്‍ പശുക്കളില്‍ ഉണ്ടായ കുളമ്പുരോഗ ബാധക്കെതിരെ സൗജന്യ ചികിത്സയും സൗജന്യ കാലിത്തീറ്റ വിതരണത്തിനുള്ള നടപടിയും മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.