മുംബൈ : ഇന്ത്യ-പാക് സംഘര്‍ഷം അയഞ്ഞതോടെ വന്‍കുതിപ്പ് നടത്തി ഓഹരി വിപണി. വ്യപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,900 പോയന്റ് കുതിച്ചു. സെന്‍സെക്‌സ് 24,600 പിന്നിടുകയും ചെയ്തു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 11.1 ലക്ഷം കോടി ഉയര്‍ന്ന് 427.49 കോടിയായി. നിഫ്റ്റി ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. ഫാര്‍മ ഉത്പന്നങ്ങളുടെ വില കുത്തനെ കുറയ്ക്കുമെന്നും ആഗോളതലത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേയ്ക്ക് കൊണ്ടുവരുമെന്നും യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതാണ് ഫാര്‍മ ഓഹരികളെ സമ്മര്‍ദത്തിലാക്കിയത്. ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ മറ്റെല്ലാ സൂചികകലും മുന്നേറ്റം നടത്തി. സെന്‍സെക്‌സും നിഫ്റ്റിയും രണ്ട് ശതമാനത്തിലേറെ നേട്ടത്തിലാണ്. നിഫ്റ്റി മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ മൂന്ന് ശതമാനം വീതം ഉയര്‍ന്നു.
അദാനി എന്റര്‍ പ്രൈസസ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ചൈനയുമായുള്ള വ്യാപാര കരാറിന്റെ പുരോഗതിയും ആഗോളതലത്തില്‍ വിപണിക്ക് തുണയായി. വാള്‍സ്ട്രീറ്റ് മികച്ച നേട്ടമുണ്ടാക്കി. ഇതേതുടര്‍ന്ന് ആഗോള വിപണികളും അനുകൂലമായി പ്രതികരിച്ചതോടെ ഏഷ്യന്‍ സൂചികളിലും നേട്ടം പ്രതിഫലിച്ചു.16 ദിവസം തുടര്‍ച്ചയായി നിക്ഷേപം നടത്തിയ വിദേശ നിക്ഷേപകര്‍ കഴിഞ്ഞ വ്യാപാര ദിനത്തില്‍ മാത്രമാണ് അറ്റ വില്പനക്കാരായത്. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു പെട്ടെന്നുള്ള ഈ പിന്മാറ്റം. സംഘര്‍ഷം അയഞ്ഞ സാഹചര്യത്തില്‍ തിരിച്ചെത്താനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ വിപണിയില്‍ മുന്നേറ്റം തുടരാനാണ് സാധ്യത.